പി.എസ്.സി പരീക്ഷകളിൽ ഇനിയും പരിഷ്കാര സൂചനയുമായി മുഖ്യമന്ത്രി

കേരള പി.എസ്.സിയുടെ പരീക്ഷാ സിലബസിൽ മാറ്റങ്ങളുടെ സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിജ്ഞാനം മാത്രം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പാലക്കാട് പിഎസ്‌സി ജില്ലാ ഓഫീസ് ഓൺലൈൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻട്രി കേഡറിൽ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ഒരാളാണ് ഭാവിയിൽ ഉയർന്ന തസ്‌തികയിൽ എത്തുന്നത്. ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കാനുതകും വിധം പിഎസ്‌സി പരീക്ഷാ സിലബസിൽ മാറ്റം കൊണ്ടുവരാനാകണം. സർക്കാർ ജോലി എന്നത് ജീവനോപാധി മാത്രമല്ല, ജനസേവനം കൂടിയാണെന്ന ബോധം ഉദ്യോഗാർത്ഥികളിൽ ഉയർത്താനാകും വിധം സിലബസിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷാ നടത്തിപ്പും തിരഞ്ഞെടുപ്പും പബ്ലീക് സർവ്വീസ് കമ്മീഷനിൽ നിക്ഷിപ്തമാണ്. എന്നാൽ പരിഷ്കരണങ്ങൾക്ക് ഭരണ രാഷ്ട്രീ പിന്തുണ കൂടി ആവശ്യമാവുന്ന സാഹചര്യമാണ്. സിലബസിലെ പ്രശ്നങ്ങൾ മനസിലാക്കുന്നതായി മുഖ്യമന്ത്രിയുടെ ഈ സാഹചര്യത്തിലെ പ്രസ്താവന ഉദ്യോഗാർഥികൾക്ക് പ്രതീക്ഷയേകുന്നതാണ്.

അപേക്ഷിക്കുന്ന തസ്തികയും എഴുതുന്ന പരീക്ഷയും തമ്മിൽ യാതാരു ബന്ധവുമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പൊതുവായ ക്ലറിക്കൽ യോഗ്യത മാത്രമാണ് പരിശോധിക്കുന്നത്. അതും പഴകിയ ചോദ്യ മാതൃകകളെ അടിസ്ഥനമാക്കി ആവർത്തന സ്വഭാവമുള്ളവയാണ്. പുതിയ തലമുറ പഠിച്ചിറങ്ങുന്ന വിഷയങ്ങൾ പോലും എവിടെയും പരിഗണിക്കപ്പെടുന്നില്ല. 25 വർഷം വരെ പഴകിയ വിജ്ഞാനത്തെ അടിസ്ഥാനമാക്കി മാത്രമാണ് ചോദ്യങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്.

മന:പാഠം പഠിച്ച കുറേ കാര്യങ്ങൾ ഉപയോഗിച്ച് ഉദ്യോഗാർഥികളുടെ ഓർമ്മ ശക്തി പരീക്ഷ മാത്രമാണ് നടക്കുന്നത് എന്നാണ് വിമർശനം. അതുകൊണ്ട് തന്നെ മടുപ്പിക്കുന്ന പഠന മാതൃകകളാണ് ഉദ്യോഗാർഥികൾക്ക് പിന്തുടരേണ്ടി വരുന്നത്.

ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ വർധിപ്പിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പരീക്ഷകളിൽ പുതിയ സമീപനം വരും എന്നതിൻ്റെ സൂചനയായാണ് കാണുന്നത്. പി.എസ്.സിയിൽ പരിഷ്കാരങ്ങൾ വളരെ മെല്ലെയാണ് നടക്കാറുള്ളൂ. രാഷ്ട്രീയ പ്രശ്നങ്ങൾ ഭയന്ന് ഭരണ മുന്നണി ഉത്തരവാദിത്തങ്ങൾ ഒഴിയുകയാണ് പതിവ്. ഒരു ഉദ്യോഗാർഥിക്ക് വേണ്ടി 100 രൂപയിൽ അധികം കമ്മീഷൻ ചിലവഴിക്കുമ്പോൾ 10 രൂപ ഫീസ് പിരിക്കാൻ പോലും ധൈര്യമില്ലാത്ത അവസ്ഥയാണ്. അതേ സമയം അപേക്ഷാ സമർപ്പണത്തിന് ഒരു കുട്ടിക്ക് ഓൺലൈൻ കേന്ദ്രങ്ങളിൽ 100 രൂപ വരെ ചിലവു വരുന്ന സാഹചര്യം ഉണ്ടു താനും.

നിയമനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ആവർത്തിക്കുന്ന കാര്യങ്ങളും പ്രതീക്ഷ പകരുന്നതാണ്.

എല്ലാ വകുപ്പുകളിലെയും ഒഴിവ് കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നും മുഖ്യമന്ത്രി പറഞ്ഞു. ”  എല്ലാ ജില്ലകളിലും പിഎസ്‌സിക്ക് ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്രങ്ങൾ ഉണ്ടാവണം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ 887 പേർക്ക് ഓൺലൈൻ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ട്. പാലക്കാട് ആരംഭിച്ചിരിക്കുന്ന കേന്ദ്രത്തിൽ 345 പേർക്ക് പരീക്ഷ എഴുതാനാകും. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും. കോട്ടയത്ത് പിഎസ്‌സി ഓഫീസ് കെട്ടിടത്തിന്റേയും ഓൺലൈൻ കേന്ദ്രത്തിന്റേയും നിർമാണം അന്തിമഘട്ടത്തിലാണ്.

ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന നിലയാണ് ഇപ്പോൾ കേരള പിഎസ്‌സി സ്വീകരിക്കുന്നത്. നിയമനം ലഭിക്കുന്നതിനേക്കാൾ പതിൻമടങ്ങ് നിയമനം ലഭിക്കാത്തവരായി ലിസ്റ്റിലുണ്ടാവും. റാങ്ക് ലിസ്റ്റിൽ വന്നതിനാൽ നിയമനം ലഭിക്കുമെന്ന് ഇവർ കരുതുകയും ചെയ്യും. റാങ്ക്‌ലിസ്റ്റുകളുടെ ഈ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ജസ്റ്റിസ് ദിനേശൻ കമ്മീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷ കാലയളവെടുത്താൽ 1,61,361 പേർക്ക് സംസ്ഥാന പിഎസ്‌സി മുഖേന നിയമനം നൽകി. നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കാലമായിട്ടുകൂടി പിഎസ്‌സിയുടെ പ്രവർത്തനം സ്‌തുത്യർഹമായ നിലയിൽ മുന്നോട്ടു പോയെന്നാണ് നിയമനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. പൊതുസംരംഭങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്ന നിലയാണ് ഈ കാലയളവിൽ രാജ്യത്തുണ്ടായത്. എന്നാൽ അങ്ങനെ പിൻവാങ്ങുന്ന ഒരു നിലയും സംസ്ഥാനം സ്വീകരിച്ചില്ല. ആരോഗ്യ രംഗത്ത് ആവശ്യമായ നിയമനം നടത്താത്ത പ്രദേശങ്ങളും സംസ്ഥാനങ്ങളും കോവിഡിനെ നേരിട്ട അനുഭവവും നിയമനം നടത്തിയ കേരളം നേരിട്ട നിലയും നമ്മുടെ മുന്നിലുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു

 

Comments

COMMENTS

error: Content is protected !!