Politics

പി കെ ശ്യാമളയെ ചോദ്യം ചെയ്യും: ആന്തൂർ നഗരസഭാ ഓഫീസിൽ പൊലീസ് പരിശോധന

ധർമശാല: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാജന്‍റെ ഭാര്യ ബീനയുടെ മൊഴി വീണ്ടും എടുക്കുന്നു. ആന്തൂർ നഗരസഭ ഓഫീസിൽ രേഖകളുടെ പരിശോധനയും നടക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥർക്കും ഉടൻ നോട്ടീസ് നൽകും.

 

എന്നാൽ തനിക്കിതേ വരെ ഇതിൽ നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നാണ് പി കെ ശ്യാമള പറയുന്നത്. നോട്ടീസ് കിട്ടിയാൽ അതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പി കെ ശ്യാമള വ്യക്തമാക്കി.

 

കേസിൽ നേരത്തേ ലഭിച്ച മൊഴികൾ പ്രത്യേക അന്വേഷണ സംഘം വിശദമായി പഠിച്ചു. ഇതിന് ശേഷമാണ് ബീനയുടെ മൊഴിയടക്കം വീണ്ടും രേഖപ്പെടുത്തുന്നത്. സാജന്‍റെ മരണത്തിൽ എല്ലാ വശവും പരിശോധിച്ച് സമഗ്രമായ അന്വേഷണത്തിനാണ് നിർദേശം. നേരത്തെ എടുത്ത മൊഴികൾ വീണ്ടും എടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

 

ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോ ഉണ്ടായിരുന്നോ എന്ന വശവും പരിശോധിക്കും. സാജന്‍റെ പാർത്ഥാ കൺവെൻഷൻ സെന്‍ററിന് നൽകേണ്ടിയിരുന്ന അനുമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് നഗരസഭാ ഓഫീസിൽ പരിശോധന. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് മൊഴി എടുക്കലും പരിശോധനയും നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നൽകണമെന്ന് അന്വേഷണ സംഘം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ജില്ലാ ടൌൺ പ്ലാനിങ് ഓഫീസിലും സംഘം പരിശോധന നടത്തും. രേഖകൾ ആവശ്യപ്പെടും. വിഷയത്തിൽ ഐ ജി തലത്തിൽ ഉള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ പുരോഗതിയും പാർട്ടി നടപടിയും നോക്കിയ ശേഷം മതി അടുത്ത തീരുമാനം എന്നാണ് കുടുംബത്തിന്‍റെ നിലപാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച സാജന്‍റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button