ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍, കോണ്‍ഗ്രസ്സ് ഇനിയുമൊരുപാട് ഗൃഹപാഠം ചെയ്യേണ്ടതുണ്ട്


എഡിറ്റോറിയല്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെട്ട അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം എല്ലാ മതേതര വിശ്വാസികള്‍ക്കും പ്രയാസമുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിമുറുക്കം ഒട്ടും അയഞ്ഞിട്ടില്ല എന്നൊരു തോന്നലാണ് ജനാധിപത്യ വിശ്വാസികളിലാകെ ഇത് സൃഷ്ടിച്ചത്. അപ്പോഴും തെലങ്കാനയിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം, ദക്ഷിണേന്ത്യ വര്‍ഗ്ഗീയ ഫാസിസത്തെ അകറ്റി നിര്‍ത്താനുള്ള കരുത്തുകാട്ടുന്നു എന്ന സന്ദേശം നല്‍കുന്നുമുണ്ട്. ലഭ്യമായ വിവരങ്ങള്‍ വെച്ച് ഈ തെരഞ്ഞെടുപ്പ് മതേതരവാദികളുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കുന്ന നിലയിലാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഹിന്ദുത്വവാദികള്‍ക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പ് പ്രദാനം ചെയ്യുന്നതെന്ന വിലയിരുത്തലും അതിശയോക്തി ആയിരിക്കും.

വരാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗസ്സിന്റെ നില ഇന്നത്തേക്കാള്‍ പരിതാപകരമായിരിക്കും എന്ന നിലയില്‍ വന്നുകൊണ്ടിരിക്കുന്ന വാദങ്ങളൊന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതല്ല. രാജസ്ഥാനില്‍ വോട്ടിന്റെ ശതമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ നേരിയ വ്യത്യാസമേ ഈ തെരഞ്ഞടുപ്പിലുള്ളൂ. നിലവിലുള്ള ലോക്‌സഭയില്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ്സിന് ലഭിച്ചത് ഒരു സീറ്റാണ്. മദ്ധ്യപ്രദേശിലും ഒരു സീറ്റുമാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. ഛത്തീസ്ഗഡില്‍ മൂന്ന് സീറ്റാണ്. ഈ തെരഞ്ഞെടുപ്പിലെ വോട്ടു നില നിലനിര്‍ത്താനായാല്‍ പോലും പത്തിലധികം സീറ്റുകളെങ്കിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് നേടാനാവും തെലങ്കാനയില്‍ നല്ല തോതില്‍ സീറ്റ് നേടാനുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണല്ലോ ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം വളരെ ദുര്‍ബലമായിരുന്നു. ‘പപ്പു’ പ്രതിഛായയാണ് അന്ന് രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നതെങ്കില്‍ ഭാരത് ജോഡോ യാത്രക്ക് ശേഷമുള്ള രാഹുല്‍ ഗാന്ധി കുറേക്കൂടി ശക്തനാണ്. മോദിക്ക് ശക്തനായ ഒരു എതിരാളിയെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിന് ലോക സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകും. മോദി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കോണ്‍സ്സിനാവുമോ എന്ന ചോദ്യം ഇനിയും ഉത്തരം കിട്ടേണ്ടതുതന്നെയാണ്. അപ്പോഴും കോണ്‍ഗ്രസ്സിന്റെ നില ഇന്നത്തേക്കാള്‍ ദുര്‍ബലമാകുകയല്ല ചെയ്യുക കൂടുതല്‍ ശക്തിപ്പെടുക തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.

വര്‍ഗ്ഗീയ കാര്‍ഡിറക്കിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്ന അടിസ്ഥാന നിലപാടില്‍ നിന്ന് ഈ തെരഞ്ഞെടുപ്പിലും ബി ജെ പി മാറുന്നില്ലെങ്കിലും, തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ അതു മാത്രം മതിയാവില്ല എന്നവര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ പരിഗണിക്കാതെ മതവും ജാതിയും കൊണ്ട് മാത്രം പുതിയ ഇന്ത്യയില്‍ മുന്നോട്ടു പോകാനാവില്ല എന്ന തിരിച്ചറിവും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വ്യക്തമാക്കുന്നുണ്ട്. തൊഴിലില്ലായ്മ വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സ് ശരിയായി തന്നെ മുന്നോട്ടുവെച്ചെങ്കിലും അത് വേണ്ട പോലെ ഏശാതെ പോയതെന്ത് എന്ന് പരിശോധിക്കണം,

ബ്രാഹ്മണിക് രാഷ്ട്രീയത്തിനെതിരെ ദളിത് പിന്നോക്ക ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുക എന്ന ശരിയായ കാല്‍വെപ്പായിരുന്നല്ലോ കോണ്‍ഗ്രസ്സും ഇന്ത്യാമുന്നണിയും മുന്നോട്ടു വെച്ച ജാതി സെന്‍സസ് പോലുള്ള വിഷയങ്ങള്‍. പക്ഷേ അതിനേയും ഫലപ്രദമായി മറികടക്കാന്‍ സംഘപരിവാറിന് കഴിഞ്ഞു. മോദിയുടെ വ്യക്തിപ്രഭാവവും എന്ത് പ്രതികൂല സാഹചര്യങ്ങളേയും മറികടക്കാന്‍ കഴിയുന്ന, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന, അടിത്തട്ടുമുതല്‍ മേല്‍ത്തട്ടു വരെ ശ്രേണീബദ്ധമായി പ്രവര്‍ത്തിക്കുന്ന, സംഘടനാ സംവിധാനമാണ് ബി ജെ പി വിജയത്തിന്റെ അടിസ്ഥാനം എന്നുറപ്പിച്ചു പറയാം. സംഘപരിവാറിന് കീഴിലുള്ള നൂറുകണക്കിന് ബഹുജന സംഘടനകളിലൂടെ നാട്ടിന്‍ പുറത്തെ അവസാനത്തെ മനുഷ്യരില്‍ പോലും എത്തിച്ചേരാനുള്ള സംഘടനായന്ത്രം അവരുടെ കയ്യിലുണ്ട്.

കോണ്‍ഗ്രസ്സിനും ഇന്ത്യാ മുന്നണിക്കും ഇല്ലാതെ പോകുന്നതും ഈ സംഘടനാ സംവിധാനമാണ്. രാഹുല്‍ ഗാന്ധിയെ പോലുള്ള നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട അപൂര്‍വ്വം നേതൃരൂപങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങളെ ചലിപ്പിക്കാന്‍ ശേഷിയുള്ള ഒരു നേതൃനിര കോണ്‍ഗ്രസ്സിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഇല്ല. ഉള്ളതാകട്ടെ പഴയ വൃദ്ധ തുര്‍ക്കികളും ഒരിക്കലും അധികാരം വിട്ടൊഴിയാന്‍ മനസ്സില്ലാത്തവരുമാണ്. അവര്‍ക്കിനിയും നേരം വെളുത്തിട്ടില്ല എന്നതാണ് വാസ്തവം. രണ്ടാംനിര, മൂന്നാംനിര എന്ന നിലയില്‍ ഒരു നേതൃനിരയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഇവര്‍ പൊതുവേ വിമുഖരാണ്. തങ്ങളുടെ കസേരകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ പുതുതലമുറയെ വളര്‍ത്താതിരിക്കാന്‍ എത്രത്തോളം കഴിയുമെന്നാണവര്‍ ചിന്തിക്കുന്നത്. തങ്ങളുടെ കാലശേഷം തങ്ങളുടെ മക്കള്‍ എന്നതാണ് ഇവരുടെ കാഴ്ചപ്പാട്. ബിജെപിയാകട്ടെ കേഡര്‍ റിക്രൂട്ട്‌മെന്റിന് കാണിക്കുന്ന അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം രാഷ്ട്രീയ കക്ഷികള്‍ക്കെല്ലാം മാതൃകയാകേണ്ടതാണ്. 42 വയസ്സാണ് അവരുടെ കേഡര്‍മാരുടെ ശരാശരി വയസ്സ്. എന്നാല്‍ ഇടതുപാര്‍ട്ടികളില്‍ അത് 70 ന് മുകളിലാണ്. കോണ്‍ഗ്രസ്സിലും നില വ്യത്യസ്ഥമല്ല.

ജനതയെ ത്രസിപ്പിക്കാന്‍ പോന്ന, ചടുലമായ യുവ നേതൃനിരയെ കണ്ടെത്താനായാല്‍ വിജയം ഉറപ്പിക്കാനാവും എന്ന പാഠം തെലുങ്കാനയിലൂടെ കോണ്‍ഗ്രസ്സിന് പഠിക്കാനാവണം. രാജ്യത്ത് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വൈരുദ്ധ്യം കൂടുതല്‍ രൂക്ഷമാകാനാണ് തെലങ്കാനയിലെ വിജയം ഇടയാക്കുക. അതൊരു വിഭാഗീയ ദേശീയതയായി വികസിക്കുന്നതിന് പകരം ഹിന്ദുത്വത്തെ ചെറുക്കാനുള്ള രാഷ്ട്രീയ പ്രതിരോധ ശക്തിയായി വികസിപ്പിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്.

പാര്‍ലമെന്ററി ജനാധിപത്യം എന്നതിനെ കോര്‍പ്പറേറ്റ് പണാധിപത്യമായി ബിജെപി ഇതിനകം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. അനന്തമായ പണമാണ് ബിജെപി സമാഹരിച്ചു കൊണ്ടിരിക്കുന്നത്. അതിനവര്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരമ്പരാഗത സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചെഴുതാന്‍ പോന്നതാണ്. ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് എത് രാഷ്ട്രീയ നേതാവിനേയും സംവിധാനങ്ങളേയും ജനപ്രതിനിധികളേയും ഭരണഘടനാ സ്ഥാപനങ്ങളേയും വിലക്കുവാങ്ങി കരതലാമലകമായി കൈകാര്യം ചെയ്യാനുള്ള അവരുടെ ശേഷി, ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുന്നതിന് ശേഷിയുള്ളതാണ്. ഇ ഡി പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുര്‍വിനിയോഗം ഇവിടെ ഓര്‍ത്തു പോകണം. നമ്മുടെ കക്ഷിരാഷ്ട്രീയവും മതസമുദായ നേതൃത്വവും അതിന്റെയെല്ലാം ഘടനകളും എത്രമാത്രം അഴിമതി നിറഞ്ഞതാണ് എന്നറിയാവുന്നതുകൊണ്ട് ഇ ഡി ക്ക് എവിടെ കയറിച്ചെന്നാലും വെറും കയ്യോടെ തിരിച്ചിറങ്ങേണ്ടിവരുന്നില്ല.

ജനാധിപത്യത്തെ ബി ജെ പി പകരം വെക്കുന്നത്, സോഷ്യല്‍ എഞ്ചിനീയറിംഗ് സംവിധാനങ്ങളുടെ സമര്‍ത്ഥമായ വിനിയോഗത്തിലൂടെയാണ്. ഇതു വഴിയാണ് അവര്‍ അധികാരത്തെ വരുതിയിലാക്കുന്നത്. ബി ജെ പി യുടെ ധനശേഷിക്ക് മുമ്പില്‍ കൈകാലിട്ടടിച്ച് വിലപിക്കാനല്ലാതെ കോണ്‍ഗ്രസ്സിന് മറ്റൊന്നിനും കഴിയുന്നില്ല. അവരും ധനസമാഹരണത്തിന് ശീലിച്ച മാര്‍ഗ്ഗം കോര്‍പ്പറേറ് വന്‍മരങ്ങളെ ടാപ്പ് ചെയ്യല്‍ തന്നെയാണല്ലോ. അതിപ്പോള്‍ പണ്ടേപ്പോലെ ഫലിക്കുന്നുമില്ല. ജനകീയ ധനസമാഹരണത്തിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളാരായാനുള്ള പ്രത്യയശാസ്ത്രപരമോ സംഘടനാപരമോ ആയ ശേഷി കോണ്‍ഗ്രസ്സ് ഇനിയും ആര്‍ജ്ജിച്ചിട്ടുമില്ല.

ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പുഫലങ്ങളെ നിര്‍ണ്ണായകമാക്കുന്നത്. 2018ലും അതങ്ങിനെ തന്നെയായിരുന്നു. അന്ന് പക്ഷേ കര്‍ഷകസമരം സൃഷ്ടിച്ച ബിജെപി വിരുദ്ധ അന്തരീക്ഷം നിലവിലുണ്ടായിരുന്നു. അന്ന് മൂന്നു സംസ്ഥാനങ്ങളിലും ജയിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ലോകസഭാ തേരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം പക്ഷേ നിരാശാജനകമായിരുന്നു. ഇതേ ഘടകങ്ങള്‍ വെച്ച് ഇത്തവണത്തെ സ്ഥിതി അതിനേക്കാള്‍ പരിതാപകരമാകില്ലേ എന്ന ചോദ്യം പ്രസക്തമാണെന്ന് കരുതാനാവില്ലെന്ന് മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ സൃഷ്ടിക്കുന്നത് സ്ഥായിയായ ഘടകങ്ങല്ല. അതത് കാലത്ത് ഉയര്‍ന്നു വരുന്ന സങ്കീര്‍ണ്ണമായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളുടെ ആകെത്തുകയാണ്.

ജനാധിപത്യ മതേതര ശക്തികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ തെരഞ്ഞെടുപ്പുഫലമാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നു പുറത്തുവന്നിരിക്കുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. ഉത്തരേന്ത്യയില്‍ തങ്ങളുടെ ഹിന്ദുത്വ അടിത്തറക്ക് ഒരിളക്കവും തട്ടിയിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. എന്നാല്‍ ഈ അര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയിലേക്ക് ഈ അടിത്തറയെ വികസിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ സാംസ്‌കാരികമേധാവിത്വം സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് ഇതിനകം സാധിച്ചിട്ടുമുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. അപ്പോഴും അതിനെ രാഷ്ട്രീയമായി ഉപയോഗിച്ച് വോട്ട് ബാങ്കാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ജനതയെ ത്രസിപ്പിക്കാന്‍ പോന്ന, ചടുലമായ യുവ നേതൃനിരയെ കണ്ടെത്താനായാല്‍ വിജയം ഉറപ്പിക്കാനാവും എന്ന പാഠം തെലുങ്കാനയിലൂടെ കോണ്‍ഗ്രസ്സിന് പഠിക്കാനാവണം. രാജ്യത്ത് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വൈരുദ്ധ്യം കൂടുതല്‍ രൂക്ഷമാകാനാണ് തെലങ്കാനയിലെ വിജയം ഇടയാക്കുക. അതൊരു വിഭാഗീയ ദേശീയതയായി വികസിക്കുന്നതിന് പകരം ഹിന്ദുത്വത്തെ ചെറുക്കാനുള്ള രാഷ്ട്രീയ പ്രതിരോധ ശക്തിയായി വികസിപ്പിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനേപ്പോലുള്ള ഒരു നേതാവിന് അതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. കര്‍ണ്ണാടകത്തില്‍ പുതുതായി അധികാരത്തിലെത്തിയ സിദ്ധാരാമയ്യ, ശിവകുമാര്‍ സര്‍ക്കാര്‍ ഈ ദിശയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തെലങ്കാനയിലെ കോണ്‍ഗ്രസ്സ് വിജയത്തിന് പ്രചോദകമായിട്ടുണ്ട്. എന്നാല്‍ ഇവരേക്കാളെല്ലാമുപരി ഇക്കാര്യത്തില്‍ പങ്കുവഹിക്കേണ്ട പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസ്സ് വിരോധം മൂലം ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവം തിരുത്തപ്പെടേണ്ടതു തന്നെയാണ്.

ബി ജെ പിക്കും കോണ്‍ഗ്രസ്സിനും മാറി മാറി ഭരണം കൈമാറുന്ന പ്രവണതയാണ് പൊതുവില്‍ രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. അതു തന്നെയാണ് ഇക്കുറിയും സംഭവിച്ചിരിക്കുന്നത്. മുമ്പു പലപ്പോഴും ബിജെപിക്ക് നേടാനായ വന്‍ഭൂരിപക്ഷം ഇത്തവണ ഉണ്ടായില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. നിരവധി ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയ ഗലോട്ടിനു ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഗ്രൂപ്പ് പോര് കോണ്‍ഗ്രസ്സിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന നിലപാട് ഒരിക്കലും ഫലം തരില്ലെന്ന് നേതൃത്വം തിരിച്ചറിയണം. എത്രയൊക്കെ ശ്രമിച്ചിട്ടും അതിനു പരിഹാരം കാണാന്‍ ഹൈക്കമാന്റിനു കഴിഞ്ഞില്ല എന്നത് കോണ്‍ഗ്രസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കണം.

മധ്യപ്രദേശിലും കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനായിരുന്നു വിജയം. എന്നാല്‍ രാജസ്ഥാനിലെ ഗലോട്ട്‌ – സച്ചിന്‍ ഗ്രൂപ്പ് പോരിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അവിടെ കമല്‍നാഥ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള മൂപ്പിളമതര്‍ക്കങ്ങള്‍. തുടര്‍ന്ന് സിന്ധ്യയും അനുയായികളും ബിജെപിയിലേക്ക് പോകുകയും മന്ത്രിസഭ അട്ടിമറിക്കപ്പെടുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ഇപ്പോഴിതാ വലിയ ഭൂരിപക്ഷത്തോടെ അവര്‍ തുടര്‍ഭരണവും നേടിയിരിക്കുന്നു.

തങ്ങളെ സഹായിക്കുമെന്നു കരുതിയ ജാതി സെന്‍സസ് പോലും കോണ്‍ഗ്രസ്സിന് വിശേഷിച്ച് ഗുണമൊന്നുമുണ്ടാക്കിയില്ല. ഇത്തരം ശരിയായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെ പാടില്ല എന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ ദിശയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റാന്‍ ശ്രമിച്ച ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. വി പി സിംഗ് എന്നാണദ്ദേഹത്തിന്റെ പേര്. പിന്നാക്ക സംവരണം പ്രാവര്‍ത്തികമാക്കാന്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനിറങ്ങിയ, അദ്ദേഹത്തെ ഹിന്ദുത്വശക്തികള്‍ സന്യാസികളുടെ കമണ്ഡലം കൊണ്ടാണ് നേരിട്ടത്. യഥാര്‍ത്ഥത്തില്‍ ഹിന്ദു ജനസംഖ്യയിലെ പ്രബല വിഭാഗമായ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണയാകെ വി പി സിംഗിന് ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടനകള്‍ എന്നിവയുടെയൊക്കെ താക്കോല്‍ സ്ഥാനങ്ങളും സംഘടനാ സംവിധാനങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് മുന്നോക്ക ജാതിക്കാരാണ്. വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടു വന്നതോടെ മുന്നോക്ക ജാതിക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വി പി സിംഗിന്റെ പാര്‍ട്ടിയുടേതുള്‍പ്പെടെയുള്ള നേതാക്കളില്‍ ഒരു വലിയ വിഭാഗം ബി ജെ പിയിലേക്ക് പോയി. സംഘടനാ സംവിധാനങ്ങളാകെ ദുര്‍ബലമായി. അതോടെ വി പി സിംഗിന്റെ നയങ്ങളില്‍ താല്പര്യമുണ്ടായിരുന്ന ദളിത്പിന്നാക്ക വിഭാഗങ്ങളെ പോളിംഗ് ബൂത്തിലെത്തിച്ച് വോട്ടു ചെയ്യിക്കാനുള്ള സംഘടനാസംവിധാനം വി പി സിംഗിന് നഷ്ടപ്പെട്ടു. തനിക്കനുകൂലമായി ലഭിക്കുമായിരുന്ന വോട്ടുകള്‍ പോലും സമാഹരിക്കാന്‍ സിംഗിനായില്ല. അതെല്ലാം ഗുണം ചെയ്തത് ബി ജെ പിക്കാണ്.

ബിജെപിയുടെ സമ്പൂര്‍ണ്ണ ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിട്ടുകളയാമെന്ന കമല്‍നാഥിന്റെ രാഷ്ട്രീയത്തിന്റെ പരാജയം കൂടിയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്സിന്റെ തോല്‍വി. ഹിന്ദുത്വം ഉയര്‍ത്തിപിടിക്കുന്ന ബിജെപിയോട് അതേ ആയുധം ഉപയോഗിച്ച് ഏറ്റുമുട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം അത്തരത്തിലായിരുന്നു. ദേശീയനേതൃത്വം ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുമ്പോഴും കമല്‍നാഥ് അതേകുറിച്ച് കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഭോപ്പാലില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യാ സഖ്യം റാലി റദ്ദാക്കിയതിനു പിന്നിലും കമല്‍നാഥിന്റെ ഇത്തരം രാഷ്ട്രീയമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഹിന്ദുത്വം പറയാന്‍ കറകളഞ്ഞ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയുള്ളപ്പോള്‍ പിന്നെന്തിന് കോണ്‍ഗ്രസ് മൃദ്യഹിന്ദുത്വം പറയുന്നു എന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

രാജസ്ഥാനും മധ്യപ്രദേശും നഷ്ടപ്പെട്ടാല്‍പോലും ഛത്തിസ്ഗഡ് നിലനിര്‍ത്താനാകുമെന്നായിരുന്നു കോണ്‍ഗ്രസ്സ് പ്രതീക്ഷിച്ചത്. ഏറെകാലത്തെ ബി ജെ പി കുത്തക തകര്‍ത്തായിരുന്നു 2018ല്‍ കോണ്‍ഗ്രസ്സ് അവിടെ വിജയം നേടിയത്. ഭേദപ്പെട്ട രീതിയില്‍ ഭരിക്കാനും ജനപ്രിയ പദ്ധതികളലൂടെ ജനങ്ങളെ കൂടെനിര്‍ത്താനും കഴിയുമെന്ന് അവര്‍ കരുതിയിരുന്നു. ബിജെപിക്ക് ശക്തമായ നേതൃത്വം ഇല്ലാത്തതും കോണ്‍ഗ്രസ്സിനു പ്രതീക്ഷ നല്‍കി. ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഭരണം നിലനിര്‍ത്താന്‍ അവര്‍ക്കായില്ല,

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി ദുര്‍ബലമായെന്നും കോണ്‍ഗ്രസ്സ് ശക്തമായി എന്നും ഒരു ധാരണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ 2019നേക്കാള്‍ ശക്തമായ പോരാട്ടം 2024ല്‍ കാഴ്ചവെക്കാനാകുമെന്ന ഒരു പൊതു ധാരണയും സൃഷ്ടിക്കപ്പെട്ടു. ഈ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി തന്നെയാണ് ഈ മൂന്നു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ്സിനും രാഹുൽ ഗാന്ധിക്കും പുത്തനുണർവും വലിയ തോതിലുള്ള സ്വീകാര്യതയും കൈവന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. അത് ആ നിലയില്‍ തന്നെ ലോക്സഭാ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന സംശയത്തിനുത്തരം നല്‍കേണ്ടത് കോണ്‍ഗ്രസ്സ് തന്നെയാണ്. ഏറെ പ്രതീക്ഷയുണര്‍ത്തി രൂപം കൊണ്ടിരിക്കുന്ന ഇന്ത്യാമുന്നണിയാകട്ടെ ആ പേരില്‍ ഈ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നില്ല. ഈ സംസ്ഥാനങ്ങളില്‍ വലിയ ശക്തിയായതിനാല്‍ കോണ്‍ഗ്രസ്സ് മറ്റു കക്ഷികളെ പരിഗണിച്ചതുപോലുമില്ല. മുന്നണി രാഷ്ട്രീയത്തിന്റെ പ്രധാന്യം കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം കേരളത്തില്‍ നിന്ന് പഠിക്കുകയും മറ്റു സംസ്ഥാനങ്ങളെ പഠിപ്പിക്കുകയും വേണം. എന്തായാലും ഫലം വന്നയുടന്‍ ആറാം തീയതിക്ക് തന്നെ ഇന്ത്യാമുന്നണിയോഗം വിളിച്ചത് നന്നായി. ഈ ഫലങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും എന്ന് പ്രത്യാശിക്കാം.

ഇടതു പാര്‍ട്ടികളേയും ഈ തെരഞ്ഞെടുപ്പു ഫലം ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. തങ്ങള്‍ ഇന്നു തുടരുന്ന നയങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെങ്കില്‍, മഹത്തായ ചരിത്രവും പൈതൃകവുമുള്ള ഒരു പ്രസ്ഥാനം ഇന്ത്യയുടെ വിശാലമായ ഭൂതലങ്ങളില്‍ നിന്ന് തന്നെ തുടച്ചുനീക്കപ്പെടുകയായിരിക്കും ഫലം. ഇപ്പോള്‍ തന്നെ ആ ദിശയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

‘ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം’ എന്ന് പറയുന്നത് പോലെ സംഘപരിവാര്‍ ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് ഉണരുക തന്നെ വേണം. അതിജീവനത്തിനുള്ള കഠിനമായ ഗൃഹപാഠങ്ങള്‍ ഉറക്കമൊഴിച്ച് ചെയ്ത് തീര്‍ക്കണം. അത് പ്രാവര്‍ത്തികമാക്കുന്നതില്‍ വിജയിക്കുകയും വേണം. ഇതില്‍ കോണ്‍ഗ്രസ്സും ഇന്ത്യാമുന്നണി കക്ഷികളും ഇടതു പാര്‍ട്ടികളുമൊക്കെ എത്ര വിജയിക്കുന്നുവോ; അതനുസരിച്ചായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി.

 

 

Comments
error: Content is protected !!