പീഡനം ഒത്തു തീർപ്പാക്കാൻ കല്പന. സർക്കാരിനെ കുരുക്കി മന്ത്രി ശശീന്ദ്രൻ
വനം മന്ത്രി എ. കെ ശശീന്ദ്രൻ വീണ്ടും വിവാദ കുരുക്കിൽ. ഫോൺ വിളിയിലെ അനൌചിത്ര പ്രയോഗമാണ് ഇത്തവണ ആരോപണ വിധേയമാവുന്നത്. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന പ്രശ്നം.
എൻ സി പി നേതാവിന്റെ മകൾ നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്നാണ് പരാതി. കൊല്ലം ജില്ലയിൽ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള യുവതിയുടെ പരാതിയിലാണ് ഇടപെടൽ.
മരം മുറി, സ്വർണക്കടത്ത് തുടങ്ങിയ വിവാദങ്ങളിലും കോവിഡ്, ലോക് ഡൗൺ നടപടികളിലെ പാളിച്ചകളിലും കുരുങ്ങിയിരിക്കെ മന്ത്രി ശശീന്ദ്രന്റെ ഫോൺവിളി വിവാദത്തിലൂടെ പിഴവുകൾക്ക് പഴുത് വർധിക്കയാണ്.
യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. രാജിവയ്ക്കാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിക്ക് കേസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീ നല്‍കിയ പരാതിയില്‍, മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്ന എ. കെ ശശീന്ദ്രന് ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് അന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. എൻസിപിയിൽനിന്ന് പകരം മന്ത്രിയായ തോമസ് ചാണ്ടി സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണത്തിൽ പുറത്തായി. ഫോൺ വിവാദം സംബന്ധിച്ച കേസ് ഒത്ത് തീർപ്പായ സാഹചര്യത്തിൽ എ. കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാവുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രന് കഴിഞ്ഞ തവണ ഗതാഗത വകുപ്പായിരുന്നുവെങ്കിൽ ഇത്തവണ വനം വകുപ്പാണ് ലഭിച്ചത്.