പുതുവത്സരാഘോഷം: പൊതുപരിപാടികള്‍ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങണം

 

വടകര: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 31നു നടക്കുന്ന പൊതു പരിപാടികള്‍ക്ക് പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതാണെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മദ്യപിച്ചും മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നതും പൊതുസ്ഥലത്തു വാഹനത്തിനുള്ളില്‍ മദ്യപിക്കുന്നതും ഹെല്‍മെറ്റില്ലാതെയും മൂന്ന് പേരെ കയറ്റിയും അമിത വേഗതയിലും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതും കുറ്റകരമാണ്.
അല്‍ട്രേഷന്‍ നടത്തി അമിത ശബ്ദത്തോട് കൂടി ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനും പൊതു സ്ഥലത്ത് പടക്കവും മറ്റു സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഹോട്ടലുകളും ബാറുകളും മദ്യഷാപ്പുകളും നിയമാനുസരണം അനുവദിച്ച സമയത്തു തന്നെ അടക്കേണ്ടതാണെന്നും സമയ പരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

Comments

COMMENTS

error: Content is protected !!