പൂക്കാട് കലാലയം കലാപഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: കലാപഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് പൂക്കാട് കലാലയം ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൊറോണക്കാലത്ത് തടസ്സപ്പെട്ടതുൾപ്പെടെ 400 ഓളം കൗമാര-യൗവ്വന പ്രതിഭകളാണ് ബിരുദങ്ങൾ ഏറ്റുവാങ്ങിയത്. കലാലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലാലയം പ്രസിഡൻ്റ് യു കെ രാഘവൻ അധ്യക്ഷത വഹിച്ചു.
നൃത്തം, സംഗീതം, വാദ്യം, ചിത്രം എന്നീ വിഭാഗങ്ങളിൽ 4 വർഷത്തെ പ്രാഥമിക പഠനത്തിന് നാട്യപ്രിയാ, ഗാനപ്രിയ, നാദ പ്രിയ, വർണ്ണപ്രിയ ബിരുദങ്ങളും തുടർന്നുള്ള 4 വർഷത്തെ ഉപരിപoനത്തിന് നാട്യശ്രീ, ഗാനശ്രീ, നാദ ശ്രീ, വർണ്ണശ്രീ ബിരുദങ്ങളാണ് നൽകിയത്. നൃത്താധ്യാപിക യോഗ്യത നേടിയവർക്ക് ഡി ടി ടി സി ബിരുദവും നൽകി. ക്ലാസ് സെക്രട്ടറി എം പ്രസാദ്, പി അച്ചുതൻ എന്നിവർ സംസാരിച്ചു. ശിവദാസ് കാരോളി അന്തരിച്ച കാൽപ്പന്തുകളിയിലെ ഇതിഹാസ താരം പെലെ അനുസ്മരണം നടത്തി.