പൂച്ച മാന്തിയതിനെത്തുടർന്ന് പേവിഷബാധ വാക്സിൻ എടുത്ത പതിനാലുകാരന്റെ ശരീരം തളർന്നു; ആശുപത്രിക്കെതിരെ കുടുംബം

ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ പേവിഷബാധാ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായതായി പരാതി. റാബീസ് വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്നു. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു.

ചേർത്തല കരുവ സ്വദേശികളായ പ്രദീപ്കുമാറിന്റെയും അനിതയുടെയും ഏകമകനാണ് 9 ക്ലാസ് വിദ്യാർത്ഥി കാർത്തിക്. പൂച്ച മാന്തിയതിന് തുടർന്നാണ് കാർത്തിക്കിന് ആദ്യം ആശുപത്രിയിൽ എത്തിക്കുന്നത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് എടുത്ത രണ്ടാം ഡോസു മുതലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടിയിൽ കണ്ട് തുടങ്ങിയത്. വാക്‌സിൻ എടുത്ത ഇടവേളകളിൽ നാല് തവണയാണ് കടുത്ത പനിയും തലകറക്കവുമായി കാർത്തിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാക്‌സിനേഷന്റെ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ഒഴിയുകയായിരുന്നു. ലക്ഷണങ്ങൾ ഗൗരവത്തിലെടുക്കാതെ വീണ്ടും ഡോസുകൾ നൽകിയതോടെ കാർത്തിക്കിന്റെ ശരീരം പൂർണമായും തളർന്നു. നിലവിൽ കുട്ടി ഒരു മാസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റാബീസ് ഇഞ്ചക്ക്ഷൻ മൂലം നാടി വ്യൂഹങ്ങളെ തളർത്തുന്ന അവസ്ഥ കുട്ടിക്ക് ബാധിച്ചുവെന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ വിഭാഗം കുടുംബത്തെ അറിയിച്ചത്. ‘ഏക മകൻ തളർന്നതോടെ ജോലി കളഞ്ഞ് അവനെ പരിചരിക്കുകയാണ് ഞങ്ങൾ. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്. ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്’ കുട്ടിയുടെ അമ്മ പറഞ്ഞു.

Comments

COMMENTS

error: Content is protected !!