KERALA
പൂട്ടിയ കയർ ഗോഡൗണിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
ചേർത്തല ∙ പൂട്ടിയ കയർ ഗോഡൗണിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. ചേർത്തല തെക്ക് പഞ്ചായത്ത് കുറുപ്പംകുളങ്ങര ചിന്നൻകവലയ്ക്കു സമീപത്തെ ഗോഡൗണിലാണു 150ൽ ഏറെ ചെറിയ വവ്വാലുകളുടെ ജഡം കണ്ടത്. വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ് സ്വകാര്യ ഗോഡൗൺ.
രൂക്ഷമായ ദുർഗന്ധത്തെപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് പഞ്ചായത്ത്, ആരോഗ്യ, പൊലീസ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചത്. ദുർഗന്ധത്തിനു കാരണം വവ്വാലുകളുടെ ജഡമാണെന്നറിഞ്ഞതോടെ മൃഗസംരക്ഷണ വകുപ്പിനെയും അറിയിച്ചു. നിപ്പ പ്രതിരോധത്തിന് ഉപയോഗിക്കുന്ന പ്രത്യേക വസ്ത്രം (പേഴ്സനൽ പ്രൊട്ടക്‌ഷൻ എക്യുപ്മെന്റ്) ധരിച്ചാണു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു സാംപിൾ ശേഖരിച്ചത്.
മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ പക്ഷിരോഗ നിർണയ ലബോറട്ടറി, പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് എന്നിവിടങ്ങളിലേക്കാണു സാംപിൾ അയച്ചിരിക്കുന്നത്. ഫലം ഉടൻ വരുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്നു ഗോഡൗൺ ശുചീകരിച്ചു വവ്വാലുകളെ സമീപത്തു കുഴിച്ചിട്ടു. പരിശോധനാ ഫലം വന്നശേഷം കത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
നിപ്പ സാധ്യതയില്ല
വവ്വാലുകൾ ചത്തതിൽ നിപ്പ സാധ്യതയില്ലെന്നു മണിപ്പാൽ സെന്റർ ഫോർ വൈറസ് സ്റ്റഡീസ് തലവൻ ഡോ. ജി.അരുൺകുമാർ പറഞ്ഞു. മഴയിലും കാറ്റിലും ഗോഡൗണിന്റെ വാതിലുകൾ അടഞ്ഞതോടെ ശ്വാസം മുട്ടിയാവാം ഇവ ചത്തത്. മാത്രമല്ല, നിപ്പ പരത്തുന്നത് ഇവിടെ കണ്ട നരിച്ചീർ എന്ന ഇനമല്ല. വലിയ വവ്വാലുകൾ നിപ്പ വാഹകരാണെങ്കിലും ഈ രോഗം കാരണം അവ ചാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോഡൗണിൽ കൂട്ടത്തോടെ ചത്ത വവ്വാലുകളെ കുഴിച്ചു മൂടിയിട്ടും ദുർഗന്ധം മാറുന്നില്ലെന്നു പ്രദേശവാസികൾ. അവയെ കുഴിച്ചു മൂടിയ പ്രദേശത്തും സമീപത്തെ വീടുകളിലും അണുനാശിനി പൊടികളും പുകയ്ക്കാനുള്ള പൊടികളും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഗോഡൗണിൽ സാമൂഹികവിരുദ്ധ ശല്യമുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
വവ്വാലുകൾ ഇവിടെയുണ്ടായിരുന്നെന്നു പ്രദേശവാസികൾ പറയുന്നു. സന്ധ്യയ്ക്കു കൂട്ടത്തോടെ പറന്നു പുറത്തേക്കു പോകും. രാവിലെ തിരിച്ചെത്തും – അതായിരുന്നു പതിവ്. ആദ്യം ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കാര്യമാക്കിയില്ല. ഉയരമുള്ള മതിലും വൃക്ഷങ്ങൾ വീണു കിടക്കുന്നതും മൂലം അങ്ങോട്ട് നോക്കാനും സാധിക്കില്ല. ദുർഗന്ധം രൂക്ഷമായപ്പോഴാണ് അധികൃതരെ അറിയിച്ചത്. ദുർഗന്ധം കാരണം ചർദിയും വയറിളക്കവുമുണ്ടായെന്നും നാട്ടുകാർ പറയുന്നു
Comments