SPECIAL
പെണ്‍കടുവയ്ക്ക് പല്ലുവേദന; വേദനാ ‘സംഹാരിയായി’ ശസ്ത്രക്രിയ
കടുവയുടെ കൂര്‍ത്ത പല്ലിന് ഗുരുതരമായ കേടുപറ്റി. വേദനകൊണ്ട് കിം എന്ന് പേരുള്ള പെണ്‍കടുവയ്ക്ക് വെള്ളംപോലും കുടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല്ല് പഴുത്തിരുന്നു. അതാണ് തീവ്രവേദനയ്ക്ക് കാരണം. ഒടുവില്‍ 16 വയസ്സുള്ള കിമ്മിനെ ദന്തഡോക്ടര്‍മാരുടെ ഒരു സംഘം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കിം മെല്ലെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. രണ്ട് ദിവസം കൊണ്ട് ഉന്മേഷവതിയായി തിരിച്ചുവന്നു.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ദന്താശുപത്രിയിലായിരുന്നു (Animal Dental Clinic) ഒരു സംഘം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കിമ്മിനെ പരിചരിച്ചത്. മൃഗചികിത്സാ വിദഗ്ദ്ധനായ ഡോ. നിക്കോഡിന്‍ ഫര്‍ക്കസ് ആയിരുന്നു സംഘനേതാവ്.
കിമ്മിനെ ആദ്യം ഇഞ്ചക്ഷന്‍ നല്‍കി ബോധംകെടുത്തി. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് നീക്കി. അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങള്‍ തിയേറ്ററില്‍ ഒരുക്കിയിരുന്നു. ഹൃദയമിടിപ്പ് സൂക്ഷ്മമായി പരിശോധിച്ചു. രക്തസമ്മര്‍ദ്ദവും നിരീക്ഷിച്ചു. ശസ്ത്രക്രിയയ്ക്കിടയില്‍ കടുവ തല ഉയര്‍ത്തി എഴുന്നേല്‍ക്കില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ശക്തിയുള്ള ഇഞ്ചക്ഷനാണ് നല്‍കിയിരുന്നത്.
കേടുള്ള കൂര്‍ത്ത പല്ല് മുന്‍നിരയില്‍ നിന്ന് എടുത്തുമാറ്റി. ശക്തിയേറിയ ഇഞ്ചക്ഷന്‍ നല്‍കി മോണയുടെ ഭാഗം സുഖപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കിമ്മിനെ കൂട്ടിലേക്ക് മാറ്റി.
കാലിഫോര്‍ണിയയിലെ പെര്‍ഫോമിങ് ആനിമല്‍സ് വെല്‍ഫെയര്‍ സൊസൈറ്റി (PAWS) ആണ് കടുവയെ സംരക്ഷിക്കുന്നത്. പ്രായമേറിയ ആനകളെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുന്ന ചുമതലയാണ് സൊസൈറ്റിക്കുള്ളത്.
Comments