പെരുമണ്ണ ചെമ്മലത്തൂരിൽ മാല പിടിച്ചുപറിച്ച സംഘത്തെ പിടികൂടി

പന്തീരാങ്കാവ്: പെരുമണ്ണ ചെമ്മലത്തൂരിൽ കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയുടെ മാല പിടിച്ചുപറിച്ച സംഘത്തെ ടൗൺ അസി. കമീഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസും ചേർന്ന് പിടികൂടി.

അരക്കിണർ, ചാക്കേരിക്കാട് എൻ.പി. സൽമാൻ ഫാരിസ് (22), നടുവട്ടം തമ്പുരാൻപടി താഴം മാൻ എന്നറിയപ്പെടുന്ന മഹന്ന മുഹമ്മദ് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. നാൽപതിലധികം സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി സിറ്റി ക്രൈം സ്ക്വാഡ് പരിശോധിച്ചത്. പൊലീസിനെ കബളിപ്പിക്കാൻ പിടിച്ചുപറിക്കാർ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ചും സൈഡ് വ്യൂ മിറർ അഴിച്ചുമാറ്റിയും കബളിപ്പിക്കാൻ ശ്രമിച്ചു.

എരഞ്ഞിപ്പാലത്ത് സരോവരത്ത് വീടിനു സമീപം നിൽക്കുകയായിരുന്ന യുവതിയുടെ നാലര പവൻ സ്വർണമാല പിടിച്ചുപറിച്ചതും ഇതേ സംഘം തന്നെയാണ്. ഒരേ ദിവസം തന്നെ രണ്ടിടങ്ങളിലായി മാല പിടിച്ചുപറിച്ച കേസിൽ ഇവർ പ്രതികളാണ്. മാറാട് പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുകളിലും കഞ്ചാവ് ഉപയോഗിച്ചതിനും സൽമാൻ ഫാരിസിനെതിരെ കേസ് നിലവിലുണ്ട്. കഞ്ചാവ് കേസിൽ മെഹന്ന മുഹമ്മദിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Comments

COMMENTS

error: Content is protected !!