പെരുവണ്ണാമൂഴിയിൽനിന്ന് ചക്കിട്ടപാറയ്ക്കുള്ള റോഡ് കുണ്ടും കുഴിയും കോൺഗ്രസ് പ്രവർത്തകർ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു
പെരുവണ്ണാമൂഴിയിൽനിന്ന് ചക്കിട്ടപാറയ്ക്കുള്ള റോഡ് കുണ്ടും കുഴിയുമായതിൽ കോൺഗ്രസ് പ്രവർത്തകർ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. നാലു കിലോമീറ്റർ ദൂരത്തിലുള്ള റോഡ് പലയിടത്തും പാടെ തകർന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികൾ തിരിച്ചറിയാൻ കഴിയാതെ വാഹനയാത്രക്കാർ ദുരിതത്തിലാണ്. ബൈക്ക് യാത്രക്കാരാണ് ഇതുകാരണം ഏറെ വലയുന്നത്. കുഴികൾ അടയ്ക്കണമെന്നു പി.ഡബ്ല്യു.ഡി. അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മലയോരഹൈവേയുടെ ഭാഗമായി റോഡിന്റെ പുനർനിർമാണം നടക്കാൻ പോകുന്നതിനാലാണ് നവീകരണജോലിക്ക് ഫണ്ട് നീക്കിവെക്കാത്തതെന്നാണ് പറയുന്നത്. എന്നാൽ കുഴികളടയ്ക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പ്രതിഷേധത്തിന് കോൺഗ്രസ് നേതാക്കളായ ബാബു കൂനന്തടം, ഷാജു മാളിയേക്കൽ, എം.സി. സന്ദീപ്, ഇബ്രായി പാറച്ചാലിൽ, പ്രകാശൻ ഏരംപുറം എന്നിവർ നേതൃത്വം നൽകി.