KERALA

ഭക്ഷ്യ വിഷബാധ: തടയാന്‍ കര്‍ശനനടപടികളുമായി സര്‍ക്കാര്‍, ‘അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണം’വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകള്‍ ഡ്രൈ ഡേ ആയി ആചരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി

വിദ്യാലയങ്ങളിലെ ഭക്ഷ്യ വിഷബാധ തടയാന്‍ സംയുക്ത പരിശോധനയുമായി സര്‍ക്കാര്‍. ഭക്ഷ്യ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മൂന്നു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളില്‍ നിന്നുള്ള ഭക്ഷണ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിയാനാവുമെന്നും ഇതിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂയെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

ഭക്ഷണ സാധനങ്ങള്‍, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ആറു മാസത്തിലൊരിക്കല്‍ വെള്ളം പരിശോധിക്കണമെന്ന് ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുതന്നെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പാചകപ്പുര, പാത്രങ്ങള്‍ എന്നിവയുടെ വിശദ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണ വേളയില്‍ കുട്ടികള്‍ക്കൊപ്പം പങ്കുചേരാന്‍ അഭ്യര്‍ത്ഥിക്കും. കോഴിക്കോട് ജില്ലയിലെ സ്‌കൂളില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയും തിരുവനന്തപുരത്തെ സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച പങ്കെടുക്കും. പാചകത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളില്‍ ഡ്രൈഡേ ആചരിക്കും. ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം അരി വിതരണത്തില്‍ വീഴ്ചയുള്ളതായി കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു.

സംസ്ഥാനത്തെ 12302 സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കേണ്ട ആഹാരം സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് സാമ്പിള്‍ മെനു നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button