KERALAMAIN HEADLINES

പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണം പ്രമാണിച്ച്  രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം രണ്ട് വര്‍ഷമായി നല്‍കാതിരുന്നിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായത് അഭിമാനകരമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതലുള്ള കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button