പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മലയോരപ്രദേശമായ പേരാമ്പ്രയിലൂടെ കടന്നുപോകുന്നവർക്കെല്ലാം അത്യന്തം പ്രയോജനപ്പെടുന്നതാണ് ബൈപ്പാസെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് കൂടുതലായി വികസിക്കണമെങ്കിൽ അതിനാവശ്യമായ പശ്ചാത്തലസൗകര്യമൊരുക്കണം. നാട്ടുകാരുടെ ഒരുമയും ഐക്യവുമാണ് എല്ലാ പ്രതിസന്ധികളെയും തരണംചെയ്തു പേരാമ്പ്ര ബൈപ്പാസ് വേഗത്തിൽ യാഥാർഥ്യമാകാൻ ഇടയാക്കിയത്.
കുറ്റ്യാടി-കോഴിക്കോട് റോഡ് കടന്നുപോകുന്ന കല്ലോട് എൽ.ഐ.സി.ക്ക് സമീപംമുതൽ കക്കാട് വരെ 2.73 കിലോമീറ്റർ നീളത്തിലാണ് പേരാമ്പ്ര ബൈപ്പാസ് നിർമിച്ചത്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡ് പണിതത്. ഏഴ് മീറ്ററാണ് റോഡിന്റെ വീതി.
കേരളത്തിലെ എല്ലായിടത്തും ഇത്തരം റോഡുകള്‍ കാണാമെന്നും പശ്ചാത്തല സൗകര്യവികസനത്തില്‍ നാം മുന്‍പോട്ട് കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനകാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി., എം.എൽ.എ.മാരായ ടി.പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, മുൻ എം.എൽ.എ.മാരായ എ.കെ. പത്മനാഭൻ, എൻ.കെ. രാധ, കെ. കുഞ്ഞമ്മദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, എസ്.കെ. സജീഷ്, ആർ.ബി.ഡി.സി.കെ. മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾസലാം എന്നിവർ സംസാരിച്ചു.