പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി ആരോഗ്യവകുപ്പ് മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറി
കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ എടുത്ത വ്യക്തികളില്‍ പ്രതിരോധശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.