കടുവ കൊന്നത് നാലു മനുഷ്യരെ. വിറങ്ങലിച്ച് ഗൂഡല്ലൂർ മേഖല

ഗൂഡല്ലൂർ, പന്തല്ലൂർ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ മസിനഗുഡിയിൽ ഒരാളെക്കൂടി കൊന്നു. മസിനഗുഡി സിംഗാരയിൽ കുറുമ്പർപാടിയിലെ ബസ്വാൻ (68) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച 12 മണിയോടെയാണ് മുതുമല കടുവസംരക്ഷണകേന്ദ്രത്തിനടുത്ത സിംഗാരയിലെ പട്ടയഭൂമിയിൽ ആടുമാടുകളെ മേയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. അടുത്തുണ്ടായിരുന്ന സ്ത്രീകളുൾ ബഹളം വെച്ചു. വിവരമറിഞ്ഞ് വനപാലകർ, സംഭവസ്ഥലത്തെത്തിയെങ്കിലും കടുവ രക്ഷപ്പെട്ടു.

ഒരാഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ആളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. തലയും ശരീരവും ഭാഗികമായി കടുവ തിന്നനിലയിലാണ് മൃതശരീരം കണ്ടെടുത്തത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് മൃതശരീരം പോസ്റ്റുമോർട്ടത്തിനായി എടുക്കാൻകഴിഞ്ഞത്.

എട്ടുമാസംമുമ്പ് മുതുമലയിൽ ഗൗരി എന്ന വീട്ടമ്മയെ വിറക്‌ ശേഖരിക്കുന്നതിനിടയിൽ കടുവ കൊന്നിരുന്നു. ജൂണിൽ മുതുമലയിൽ കുഞ്ഞിക്കൃഷ്ണ (64) നെയും കഴിഞ്ഞ മാസം 24-ന് ദേവർഷോലയിലെ ദേവൻ ഡിവിഷനിൽ കെ.വി. ചന്ദ്ര (54) നെയും കടുവ ഇരയാക്കി. വനംവകുപ്പ് ടി. 23 എന്നുപേരിട്ട കടുവയാണ് ഏറ്റവും അധികം ഭീഷണി വിതയ്ക്കുന്നത്.. ഒരുമാസത്തിനിടയ്ക്ക് പത്തുപശുക്കളെയും കൊന്നു.

Comments

COMMENTS

error: Content is protected !!