പൊതുഇട സംരക്ഷണം സമരം ശക്തമാക്കാൻ തീരുമാനം
രണ്ട് പതിറ്റാണ്ടിൽ ഏറെക്കാലമായി അരിക്കുളം ഗ്രാമപഞ്ചായത്തിൽ പൊതുപരിപാടികൾക്കും കായികവിനോദത്തിനും ആയി ഉപയോഗിച്ച് വരുന്ന പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിർത്താനുള്ള സമരം ശക്തമാക്കാൻ ജനകീയ കർമസമിതി യോഗം തീരുമാനിച്ചു. ഒൻപതാം വാർഡിൽ ഉൾപ്പെട്ട പുറംപോക്ക് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രമേയം പാസ്സാക്കിയതാണ്. 118പേർ പങ്കെടുത്ത ഗ്രാമസഭയിൽ 117പേരും പ്രമേയത്തെ പിന്തുണച്ചതാണ്. ജനഭിപ്രായം മാനിക്കാത്ത ഭരണസമിതിയുടെ സമീപനത്തിൽ പ്രതിഷേധം ശക്തമാണ്.
പഞ്ചായത്തിന്റെതായി കളിസ്ഥലമോ പൊതു ജനങ്ങൾക്ക് ഒത്ത് കൂടാൻ പൊതു ഇടമോ ഇല്ലാത്ത അരിക്കുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് എൽ പി സ്കൂളിനും അങ്കണവാടിക്കും സമീപത്തുള്ള ജലസേചന വകുപ്പിന്റെ പുറംപോക്ക് ഭൂമി മാലിന്യ സംഭരണ കേന്ദ്രം ആക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ മൂന്ന് വർഷമായി നടത്തി വരുന്ന സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി ഇരുപത്തി അഞ്ചിന് അരിക്കുളം പഞ്ചായത്ത് മുക്കിൽ ബഹുജന ധർണ നടത്താൻ സി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന കർമ്മ സമിതി യോഗം തീരുമാനിച്ചു.
വാർഡ് മെമ്പർ ശ്യാമള ഇടപ്പള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി കെ അൻസാരി, സതീദേവി എസ്, പ്രതാപചന്ദ്രൻ ടി എം, ഹമീദ്, ഭാസ്കരൻ പി എം,സുജാത സുരഭി നിവാസ്, ദിലീപ് പള്ളിക്കൽ,മുസ്തഫ കുറ്റി ക്കണ്ടി എന്നിവർ സംസാരിച്ചു. സി രാഘവൻ സ്വാഗതം പറഞ്ഞു.