പൊതുപരിപാടിക്കിടെ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവഗുരുതരം
ടോക്യോ: പൊതുപരിപാടിക്കിടെ വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവഗുരുതരം. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മുൻപ്രധാനമന്ത്രിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പിന്നിൽ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശികസമയം രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പ്രസംഗിക്കുന്നതിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 40 വയസ്സ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷിയായ യുവതിയും പ്രതികരിച്ചു.
അതേസമയം, ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവെച്ചത് നാവിക സേന മുൻ അംഗം. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ്. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണശേഷവും സംഭവസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ അന്വേഷിച്ചു.