പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ് ; ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
തിരഞ്ഞെടുക്കപ്പെട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ സോളാര്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ കൊടുവള്ളിയിലെ വെണ്ണക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി വകുപ്പുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള 50 കിലോവാട്ട് സൗരോര്‍ജ്ജ സംവിധാനത്തില്‍ നിന്നും ഒരു ദിവസം ഏകദശം 200 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഒരു കിലോവാട്ടിന് 20,000 രൂപ നിരക്കില്‍ 50 കിലോവാട്ടിന് 10 ലക്ഷം രൂപ അനെര്‍ട്ട് സബ്‌സിഡി നല്‍കുന്ന പദ്ധതി പ്രകാരമാണ് ഈ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്.
ഒരേ സമയം 2 കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള 142 കിലോവാട്ട് മെഷീന്‍, 3 ഓട്ടോറിക്ഷകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള 10 കിലോവാട്ട് മെഷീന്‍ കൂടാതെ ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള 7.5 കിലോവാട്ട് ശേഷിയുള്ള മെഷീന്‍ എന്നിവയാണ് ഈ ചാര്‍ജിംഗ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ളത്. അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയര്‍ ലാബ് എന്ന സ്ഥാപനമാണ് ചാര്‍ജിംഗ് മെഷീനുകള്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തിയാക്കിയത്. കഫ്റ്റിരിയയും ശുചിമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വെണ്ണക്കാട് റോയല്‍ ആര്‍ക്കയിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ പി.ടി.എ റഹിം, എം.കെ മുനീര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വെള്ളറ അബ്ദു, അനെര്‍ട്ട് ഇ-മൊബിലിറ്റി ഡിവിഷന്‍ മേധാവി ജെ. മനോഹരന്‍, അനെര്‍ട്ട് ജില്ല എഞ്ചിനീയര്‍ അമല്‍ചന്ദ്രന്‍ ഇ.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.