പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിൽ കൂടുവെച്ച തേനീച്ചകളുടെ കുത്തേറ്റ് പതിനാലുവയസ്സുള്ള പെണ്‍കുട്ടിമരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തില്‍ കൂടുവെച്ച തേനീച്ചകളുടെ കുത്തേറ്റ് പതിനാലുവയസ്സുള്ള പെണ്‍കുട്ടിമരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
കമ്മിഷന്‍ കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എന്‍ജിനിയറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി. മരംമുറിക്കാന്‍ ലേലനടപടികള്‍ തുടങ്ങിയെങ്കിലും ആരും ലേലംകൊണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാംതവണയാണ് ലേലംപോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മരംമുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യച്യുതിയും കാരണമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവര്‍ നിയമാനുസൃതം നടപടി സ്വീകരിച്ചതായി കമ്മിഷന്‍ നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടില്ല. കേസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വ്വം വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഇത്തരം സങ്കീര്‍ണമായ അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാന്‍ ഭാവിയില്‍ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ചീഫ് സെക്രട്ടറി മൂന്നുമാസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.