‘പൊതു ഇടം എന്റേതും’: ചരിത്രത്തിലേക്ക് നടന്നത് ആയിരങ്ങൾ
തിരുവനന്തപുരം: ഇരുട്ടിനെ ഭയക്കാതെ, രാവിന്റെ മൗനം ആവോളം ആസ്വദിച്ച് അവർ നടന്നു. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവൽക്കരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച രാത്രിനടത്തത്തിൽ പങ്കെടുക്കാൻ ഒറ്റയ്ക്കും കൂട്ടായും ഒഴുകിയെത്തിയത് എണ്ണായിരത്തോളം വനിതകൾ. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിൽ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച രാത്രിനടത്തം വനിതകളുടെ അവകാശ പ്രഖ്യാപനമായി.
47 സ്ഥലങ്ങളിൽ രാത്രിനടത്തം സംഘടിപ്പിച്ച തൃശൂരിലാണ് അധികംപേർ പങ്കെടുത്തത്.
ഇടുക്കിയിൽ രണ്ട് കേന്ദ്രങ്ങളിലും ആലപ്പുഴയിൽ 23 കേന്ദ്രങ്ങളിലും പത്തനംതിട്ടയിൽ 12 കേന്ദ്രങ്ങളിലും പാലക്കാട്ട് 31 കേന്ദ്രങ്ങളിലും കോഴിക്കോട്ട് ആറ് കേന്ദ്രങ്ങളിലും കണ്ണൂരിൽ 15 കേന്ദ്രങ്ങളിലും മലപ്പുറത്ത് 29 കേന്ദ്രങ്ങളിലും കോട്ടയത്ത് 29 കേന്ദ്രങ്ങളിലും എറണാകുളത്ത് 27 കേന്ദ്രങ്ങളിലും ആയിരക്കണക്കിന് വനിതകൾ രാത്രി നിരത്തിലിറങ്ങി. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിൽ രാത്രിനടത്തം സംഘടിപ്പിച്ചു.
എറണാകുളത്ത് ജില്ലാ വനിത–-ശിശുവികസന ഓഫീസർ ജെബീൻ ലോലിത സെയ്‌നിന്റെ നേതൃത്വത്തിൽ ഓരോ കേന്ദ്രത്തിലും ശിശുക്ഷേമ ഓഫീസർമാർക്കായിരുന്നു ചുമതല. രണ്ടും മൂന്നും പേരുള്ള സംഘമായാണ് നടന്നത്. 200 മീറ്റർ ദൂരത്തിനുള്ളിൽ വളന്റിയർമാരെയും നിയോഗിച്ചിരുന്നു. സിഡിപിഒമാരായ കെ എസ് സിനി, അംബിക, പി കെ ഖദീജാമ്മ, പി എസ് ബിന്ദുമോൾ, ലളിതമോൾ, സൗമ്യ ജോസഫ്, ഇ എസ് ജലജ, പി അന്നമ്മ വർഗീസ്, എച്ച് നാദിറ, കെ ജെ സായാഹ്ന എന്നിവർക്കായിരുന്നു ഓരോ കേന്ദ്രത്തിന്റെയും ചുമതല.