Uncategorized

പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ചവറയിൽ യുവാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി കുടുംബം

പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ചവറയിൽ യുവാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി കുടുംബം. ചവറ അറക്കൽ സ്വദേശി 22കാരനായ അശ്വന്ത് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ചവറ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കളളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലുമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ്  കുടുംബത്തിൻ്റെ ആരോപണം.

ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി അതിന് വഴങ്ങാതെ വന്നതോടെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ചവറ സിഐ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചവറ സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ ഉന്നത ഉദ്യോഗസ്ഥനും സിഐയും പിടിച്ചുവെച്ചു. ബന്ധത്തിൽ നിന്ന് പിൻമാറണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ചവറ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് അശ്വന്തിന്റെ സഹോദരൻ  പറഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അശ്വന്തിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അശ്വന്ത് സ്റ്റേഷനിലായിരുന്ന സമയത്ത് ഉന്നത ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു. ഈ വിവരം അറിഞ്ഞ് ഉദ്യോഗസ്ഥൻ ചവറ സ്‌റ്റേഷനിൽ നിന്ന് മടങ്ങി. ഇതിന് ശേഷമാണ് സിഐ പോക്‌സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിനു മുമ്പും യുവാവിനെ പെൺകുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. അശ്വന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button