CRIME
പൊലീസുകാരന്റെ മരണം: സാക്ഷിയായ എഎസ്ഐക്ക് സിഐയുടെ ഭീഷണി
സായുധസേനാ ക്യാംപിലെ കോൺസ്റ്റബിൾ അട്ടപ്പാടി സ്വദേശി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സാക്ഷിയായ ക്രൈംബ്രാഞ്ച് എഎസ്ഐക്ക് സിഐയുടെ ഭീഷണിയും താക്കീതും. നിരന്തര സമ്മർദവും ഭീഷണിയും സഹിക്കാനാവാതെ എഎസ്ഐ അവധിയിൽ പോകാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഒഴിവാക്കിയെന്നാണു സൂചന.
പൊലീസുകാർ പ്രതികളായ കേസിലാണു പൊലീസുകാരനായ സാക്ഷിയെ ജില്ലാ പൊലീസ് സമുച്ചയത്തിൽ മറ്റൊരു വിഭാഗത്തിൽ ജോലി ചെയ്യുന്ന സിഐ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയത്. ഒാഫിസിനകത്തും പുറത്തും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന രീതിയിലായിരുന്നു സംസാരം. എഎസ്ഐ ക്രൈം ബ്രാഞ്ച് എഡിജിപിക്കു തെളിവു സഹിതം പരാതി നൽകി. കുമാറിന്റെ കേസിൽ പ്രതികളായ പൊലീസുകാരെ സഹായിക്കുന്ന ചിലർ അന്വേഷണ ഘട്ടത്തിലും ഇദ്ദേഹത്തിനെതിരെ നീക്കം നടത്തിയെങ്കിലും നടപടിക്കു മേലുദ്യോഗസ്ഥർ തയാറായില്ല.
കല്ലേക്കാട് സായുധ സേനാ ക്യാംപിൽ കോൺസ്റ്റബിളായിരുന്ന, ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ ഒറ്റപ്പാലത്തിനു സമീപമാണു റെയിൽപാതയ്ക്കടുത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാംപിലെ ചിലരുടെ നിരന്തര പീഡനവും അവഹേളനവുമാണു മരണത്തിനു കാരണമെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡപ്യൂട്ടി കമൻഡാന്റ് ഉൾപ്പെടെ 7 പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ പിന്നീട് അറസ്റ്റ് ചെയ്തു.
കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു സിഐയുടെ നേതൃത്വത്തിൽ കുമാറിന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. ഭീഷണിപ്പെടുത്തിയ ഒാഫിസർ ഉൾപ്പെടെയുള്ളവർക്കെതിരെ കുടുംബത്തിന്റെ പരാതിയിൽ അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഒത്തുതീർപ്പിന്റെ ഭാഗമായി പിൻവലിച്ചു. കുടുംബം പൊലീസിനെതിരെ പരാതി നൽകിയതിനു പിന്നിൽ ക്രൈംബ്രാഞ്ച് എഎസ്ഐ ആണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ ഭീഷണി.
Comments