KOYILANDILOCAL NEWS

പൊലീസ് സംരക്ഷണത്തില്‍ ആനപ്പാറ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കം; സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധമിരമ്പി, പ്രദേശത്ത് സംഘര്‍ഷാവസ്ഥ

 

കീഴരിയൂര്‍: തുടര്‍ച്ചയായ രണ്ടാംദിവസവും ആനപ്പാറ ക്വാറി പ്രദേശത്ത് സംഘര്‍ഷാവസ്ഥ. വ്യാഴാഴ്ച സംഘര്‍ഷത്തെ തുടര്‍ന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും വെള്ളിയാഴ്ച കൂടുതല്‍ വാഹനങ്ങളുമായി ക്വാറി മാനേജ്‌മെന്റ് സ്ഥലത്തെത്തി ക്രഷര്‍ പ്രവര്‍ത്തനം തുടങ്ങാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ അതികാലത്ത് തന്നെ സമരപ്പന്തലില്‍ എത്തിയിരുന്നു. ക്വാറിയില്‍ നിന്നും മെറ്റലുമായി പുറത്തേക്കുവന്ന ലോറികള്‍ സ്ത്രീകള്‍ തടഞ്ഞതോടെ സംഘര്‍ഷത്തിന് തുടക്കമായി. തുടര്‍ന്ന് പൊലീസ് എത്തി സ്ത്രീകളെ അവിടെ നിന്ന് മാറ്റി വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമം തുടരുകയാണ്.

വാഹനങ്ങള്‍ പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി. സമരക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കുംവരെ ക്രഷര്‍ പ്രവര്‍ത്തിക്കില്ലയെന്ന് പൊലീസ് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ ഇന്ന് പൊലീസ് സംരക്ഷണത്തില്‍ ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമം നടന്നതെന്നും ആക്ഷന്‍ കമ്മിറ്റി നേതാവ് സുകേഷ് കലിക്കറ്റ് പോസ്റ്റിനോടു പറഞ്ഞു.  ഇന്നലെ നടന്ന സംഘര്‍ഷത്തിൽ, സമരരംഗത്തുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. നടുവത്തൂര്‍ കുപ്പേരിക്കണ്ടി അബിന്‍, നടുവത്തൂര്‍ പൂവന്‍കണ്ടി ജിതേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ക്വാറി മാനേജര്‍ ഫറൂഖ് കോളേജ് സ്വദേശി മൊയ്തീന്‍കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.

ഇന്നലെ ക്വാറിയില്‍ സ്പോടനം നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൊയ്തീന്‍കുട്ടിയും അറസ്റ്റിലായ യുവാക്കളും തമ്മില്‍ വാക്കേറ്റവും കശപിശയും നടന്നിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അബിനും ജിതേഷും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി പോയപ്പോൾ അവിടെവെച്ച് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഉടമയുടെ സാമ്പത്തിക സ്വാധീനം കൊണ്ടാണിത് എന്ന് സമരക്കാർക്ക് ആക്ഷേപമുണ്ട്. ക്വാറിയ്ക്കെതിരെ ഒരുമാസത്തോളമായി പ്രദേശവാസികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച തഹസീല്‍ദാറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ക്വാറിയില്‍ സ്പോടനം അടക്കമുള്ള കാര്യങ്ങളുമായി കുറച്ചുദിവസം കൂടി മുന്നോട്ടുപോകട്ടെയെന്ന നിലപാട് തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതോടെ യോഗത്തില്‍ നിന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിറങ്ങിപ്പോരുകയായിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ക്വാറിയില്‍ സ്പോടനം നടത്തിയതോടെ പ്രതിഷേധക്കാര്‍ ക്വാറിയിലേക്ക് ഇരച്ചുകയറുകയും ഇത് തടയുകയുമായിരുന്നു.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിനേറ്റെടുത്തവർ ഉഗ്ര സ്‌ഫോടനം നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്. ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടി സല്‍ക്കാര ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍ പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്‌മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.

വേനല്‍ക്കാലത്തും സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍ എന്നാണ് ആക്ഷന്‍ കമ്മിറ്റി നേതാവ് സുകേഷ് കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button