KERALA

പോരാട്ടം ഫലം കണ്ടുതുടങ്ങി രോഗികളുടെ എണ്ണം കുറയുന്നത്‌ ആശ്വാസകരം; ജാഗ്രത കൈവിടാറായിട്ടില്ല: മന്ത്രി ശൈലജ

തിരുവനന്തപുരം>  രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങൾ ജാഗ്രതാ കുറവുണ്ടാക്കരുതെന്നും കര്‍ശനമായി സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗബാധ നേരിടാന്‍ നമ്മള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ പൂര്‍ണമായും ആശ്വാസമായി എന്ന് പറയാനായിട്ടില്ല. എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുണ്ടെങ്കില്‍ വീണ്ടും രോഗബാധ ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇനി രോഗബാധ വലിയതോതില്‍ ഉയരില്ല എന്നുതന്നെയാണ് കണക്കുകൂട്ടൽ. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ കൾശനമാണ്‌. നേരിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍ പോലും പരിശോധന നടത്തുന്നുണ്ട്‌. കഴിയുന്നത്ര കിറ്റുകള്‍ സംഘടിപ്പിച്ച് പരിശോധന മുടങ്ങിപ്പോകാതെ നടത്തിയിട്ടുണ്ട്.

 

പത്ത് ലബുകളിലായി ഇപ്പോള്‍ പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പരിശോധനാ കിറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രം നമ്മുടെ ആവശ്യം പൂര്‍ണമായും നടക്കില്ല. കൂടുതല്‍ കിറ്റുകള്‍ പലയിടങ്ങളില്‍നിന്നായി വാങ്ങുന്നുണ്ട്. എന്നാല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് കൂടുതല്‍ കിറ്റുകള്‍ വേണ്ടിവരും. കിറ്റുകളുടെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡൊരുക്കിയാണ് നാം കൊവിഡിനോട് പൊരുത്തിയത്. എല്ലാ രോഗികൾക്കും മികച്ച ചികിത്സ നൽകാൻ സാധിച്ചതും നിർണായകമായി. മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രികൾ തുടങ്ങിയതും തുണയായി.

ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സഹായത്തോടെ നല്ല രീതിയില്‍ കോണ്‍ടാക്ട് ട്രേയ്‌സിങ് നടത്താന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ചില കണ്ണികള്‍ വിട്ടുപോയേക്കാം എന്നൊരു ഭയം ഇപ്പോഴും ഉണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രോഗകള്‍ക്ക് നല്ല രീതിയില്‍ ചികിത്സ ലഭ്യമാക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. മുന്‍കൂട്ടി ആസൂത്രണം നടത്താന്‍ സാധിച്ചതുകൊണ്ടാണ് അതിന് കഴിഞ്ഞത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പ്രത്യേക ആശുപത്രി സൗകര്യങ്ങളും ബെഡ്ഡുകളും ഒരുക്കാന്‍ സാധിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തെ കോവിഡ് ആശുപത്രിയാക്കി വളരെപ്പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞു. കാസര്‍കോട് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ മാത്രം രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാല്‍ മാത്രമേ ആശ്വസിക്കാനാകൂ. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button