പോലീസിനെ വട്ടംകറക്കി കുട്ടിക്കള്ളൻമാർ

എലത്തൂർ : പോലീസിനെ വട്ടം കറക്കുകയാണ് മൂന്നു കുട്ടിക്കള്ളൻമാർ. മോഷ്ടിച്ച ബൈക്കുകളിൽ കളവിനിറങ്ങുന്ന പുതുതലമുറയിലെ കള്ളൻമാരെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഹെൽമെറ്റും തുണിയുംകൊണ്ട് മുഖവും ദേഹവും മറച്ചെത്തുന്ന ഇവരുടെദൃശ്യങ്ങൾ വിവിധയിടങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ മോഷണത്തിനിറങ്ങുന്ന ഈ മൂവർസംഘം ബദിരൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന സൂചന. 16 -ന് താഴെ മാത്രമാണ് പ്രായമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം കണ്ടൻകുളങ്ങരയിലെ ബേക്കറിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷണംനടത്തിയ സംഘം അവിടെനിന്ന് ശീതളപാനീയം കുടിക്കുകയും മേശവലിപ്പിലെ ചെറിയതുക കവരുകയും ചെയ്തിരുന്നു. സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് നേരത്തെ ചോയിബസാറിൽ കളവ് നടത്തിയ കുട്ടി ക്കള്ളൻമാരുമായുള്ള സാദൃശ്യം വ്യക്തമായത്.

ബേക്കറിയിൽ മോഷണം നടത്തിയശേഷം ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചതായികണ്ടെത്തിയിരുന്നു. വ്യാജനമ്പർ പതിച്ച ബൈക്കുകളിലാണ് സഞ്ചാരം.

പിൻതുടരുന്നുണ്ടെന്ന് തോന്നിയാൽ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയാണ് രീതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുതിയങ്ങാടിയിലെ ഇറച്ചിക്കടയിൽ മോഷണശ്രമം നടത്തിയതും

ഇവരാണെന്ന നിഗമനത്തിലാണ് പോലീസ്. ചെറുകുളത്ത് ചോയി ബസാറിലെ ഓയിൽമില്ലിലും സമീപത്തെ മൊബൈൽകടയിലും മോഷണം നടന്നിരുന്നു. ഓയിൽമില്ലിൽ നടന്ന കളവിന്റെദൃശ്യങ്ങൾ നിരീക്ഷണക്യാമറയിൽനിന്ന്‌ പോലീസ് ശേഖരിച്ചതോടെയാണ് കുട്ടി കള്ളൻമാരെക്കുറിച്ച് സൂചനകൾ ലഭിച്ചത്.

പട്രോളിങ്ങിനിടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എരഞ്ഞിപ്പാലത്ത് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞതും ഇവരാണെന്നാണ് കരുതുന്നത്.

ചെറിയതുക മാത്രം നഷ്ടമായതിനാൽ കട ഉടമകളിൽ പലരും പരാതി നൽകാൻ തയ്യാറാവാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെട്ട മോഷണമായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുപോവാതിരിക്കാൻ പോലീസ് പ്രത്യേകമായി ജാഗ്രത പുലർത്തുന്നുണ്ട്.

പ്രത്യേക പോലീസ് സംഘമാണ് നഗരപരിധിയിലെ മോഷണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എലത്തൂർ പോലീസും മോഷണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി.

Comments

COMMENTS

error: Content is protected !!