ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള കടൽത്തീരം മാലിന്യവിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാൻ ബീച്ച് ക്ലീനിംഗ് മിഷൻ എന്ന പേരിൽ കർമ്മപദ്ധതി രൂപീകരിക്കുന്നു
കോഴിക്കോട് നഗരപരിധിയിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടൽതീരം മാലിന്യവിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിന് ബീച്ച് ക്ലീനിംഗ് മിഷൻ എന്ന പേരിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കർമ്മപദ്ധതി രൂപീകരിക്കുന്നു.
അഴക് പദ്ധതിയുടെ ഭാഗമായി ബീച്ച് മാലിന്യമുക്തമാക്കുന്നതിന്റെയും സൗന്ദര്യവത്ക്കരിക്കുന്നതിന്റെയും ഭാഗമായി മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം മന്ത്രി എ കെ ശശീന്ദ്രൻ, കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളും മേയർ ഡോ.എം.ബീന ഫിലിപ്പ് ചെയർമാനുമായാണ് ബീച്ച് ക്ലീനിംഗ് മിഷൻ രൂപീകരിക്കുന്നത്.
കടൽതീരങ്ങളിൽ സന്ദർശകർ എത്തിച്ചേരുന്ന ഭാഗങ്ങളിൽ ശുചിത്വ പ്രോട്ടോകോൾ ബോധവത്ക്കരണ സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുക, മുലയൂട്ടൽ കേന്ദ്രം, ശൗചാലയങ്ങൾ, കുളിമുറികൾ, റിഫ്രഷ്‌മെന്റ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന പബ്ലിക് യൂട്ടിലിറ്റി സ്‌പേസ്, പോർട്ടബിൾ കണ്ടെയ്‌നർ ടോയ്‌ലറ്റുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകും.
ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള തീരദേശത്തെ ക്ലസ്റ്ററുകളായി തിരിക്കാനും ഓരോ ക്ലസ്റ്ററിനും പ്രദേശവാസികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിംഗ് സമിതി രൂപീകരിച്ച് ബീച്ച് പരിപാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.