വത്സല ടീച്ചറുടെ കൃതികള്‍ മണ്ണും മനുഷ്യനുമായി ചേര്‍ന്നുനില്‍ക്കുന്നു- മുഖ്യമന്ത്രി;എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

 

2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റ് പി. വത്സലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത സാഹിത്യബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും, പൊന്നാടയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് വത്സല ടീച്ചർക്ക് സമർപ്പിച്ചത്.

മണ്ണും മനുഷ്യനും മനസുമായി എന്നും ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ് വത്സല ടീച്ചറുടെ കൃതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ കഥാകാരി എന്ന പ്രത്യേകത ടീച്ചര്‍ക്കുണ്ട്. വയനാടിനേയും ആദിവാസി ജീവിതത്തേയും പശ്ചാത്തലമാക്കി അവര്‍ എഴുതിയിട്ടുള്ള നോവലുകള്‍ മലയാളി വായനക്കാര്‍ ഇന്നും മനസ്സിലേക്ക് സ്വീകരിക്കുന്നു.

ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും രചനകളില്‍ നല്‍കുന്ന പ്രാമുഖ്യം അവരുടെ സാംസ്‌കാരിക രാഷ്ട്രിയ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ സമത്വം, സ്ത്രീ വിമോചനം ഇത്തരം ആശയങ്ങളെ കുറിച്ചെല്ലാം സ്വന്തമായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാന്‍ എഴുത്തിലൂടെ വത്സല ടീച്ചര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം ഐക്യകേരളത്തിലെ സ്ത്രീ മുന്നേറ്റവുമായി ബന്ധപ്പെടുത്തി വിലയിരുത്തേണ്ടതുണ്ട്. വയനാട്ടിലെ ആദിവാസികളുടേയും ഗോത്രവിഭാഗക്കാരുടേയും ദുരിതം നിറഞ്ഞ ജീവിതവും അവര്‍ നേരിടുന്ന ചൂഷണങ്ങളും 1970 കളില്‍ തന്നെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ച എഴുത്തുകാരിയാണ് പി വത്സലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ ജനിച്ച അവര്‍ വയനാട്ടിലെത്തി തിരുനെല്ലി പോലുള്ള പ്രദേശങ്ങളില്‍ ആദിവാസികള്‍ക്കൊപ്പം ജീവിച്ചാണ് അവരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയത്. നെല്ല് എന്ന നോവലിലൂടെ അവ ശക്തമായി ആവിഷ്‌ക്കരിച്ചു. കൃഷി മാത്രം ഉപജീവനോപാധിയായ ആദിവാസികളെ മേലാളര്‍ ക്രൂരമായി ചൂഷണം ചെയ്യുന്ന ചിത്രം ഇതില്‍ കാണാം. വിശപ്പ് എത്രമാത്രം വേദനാജനകമാണെന്ന് ഈ കൃതി വായിക്കുമ്പോള്‍ നാം ഞെട്ടലോടെ അറിയുന്നു. മല്ലനെന്ന കഥാപാത്രം അക്കാലത്തെ പട്ടിണിക്കാരായ ആദിവാസികളുടെ ആകെ പ്രതിനിധിയാണ്.

നെല്ലിന്റെ രചനയുടെ അന്‍പതാം വര്‍ഷത്തിലാണ് എഴുത്തച്ഛന്‍ പുരസ്‌കാരം വത്സല ടീച്ചര്‍ക്ക് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.പ്രകൃതിയും പെണ്ണും കീഴാളരും ഒരേപോലെ ചൂഷണവിധേയരാകുന്നുവെന്ന് ടീച്ചര്‍ തിരിച്ചറിഞ്ഞു. അതിനെതിരായ പ്രതിഷേധമായി ഒരോ രചനയേയും അവര്‍ മാറ്റി. പരിസ്ഥിതി സൗന്ദര്യശാസ്ത്രം വേണ്ടവിധം വികസിച്ചിട്ടില്ലാത്ത കാലത്താണ് ആ മേഖലയെ അവര്‍ സമ്പന്നമാക്കിയത്. കേരളത്തിന്റെ ആചാര്യസ്ഥാനത്ത് നില്‍ക്കുന്ന വത്സല ടീച്ചര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ കഴിയുന്നതില്‍ സര്‍ക്കാരിന് അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പി വത്സല ടീച്ചറെന്ന് മന്ത്രി പറഞ്ഞു. സവിശേഷമായ രചനാവൈഭവമാണ് ടീച്ചറുടെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അടിയാള വിഭാഗത്തോടുള്ള വിവേചനം തൂലികയെ പടവാളാക്കി എഴുത്തിലൂടെ തുറന്നുകാട്ടി. സ്ത്രീകളുടെ മാനസികമായ ഉന്മേഷത്തിനും ഒപ്പം അവരെ കേവലം അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നപോലെ ഉന്നതങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിക്കുന്നതാണ് ടീച്ചറുടെ കൃതികളെന്നും മന്ത്രി പറഞ്ഞു.

തന്റെ അനുഭവങ്ങളാണ് രചനകളിലുള്ളതെന്ന് പി. വത്സല മറുപടി പ്രസംഗത്തില്‍ പറഞ്ഞു.സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ആദരപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പ്രശസ്തിപത്രം വായിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!