KERALAMAIN HEADLINES

പ്രതിപക്ഷത്ത് തുടർച്ചയില്ല. വി.ഡി സതീശൻ നേതാവ്

കോൺഗ്രസ് അടിമുടി മാറ്റത്തിന്.  വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിച്ചു.

നേരത്തെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തന്നെ മതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു.

ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമായിരുന്നു സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.

അതേസമയം പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

രാജീവ് ഗാന്ധിയുടെ ഓര്‍മദിവസത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയും കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വന്നത്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമാണെന്നും ചെന്നിത്തലയ്ക്കായി വാദിക്കുന്ന നിലപാട് മാറ്റണമെന്നും ഇവര്‍ പറയുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവും കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനുമാക്കിയാലേ കോണ്‍ഗ്രസ് ശരിയാവൂ എന്നും ആവശ്യങ്ങൾ ഉയർന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടനെ തന്നെ അണികളിൽ നിന്നും കടുത്ത വിമർശനവും നേതൃത്വത്തിനെതിരെ പ്രതിഷേധവും പരസ്യമായി തന്നെ പുറത്തു വന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും രംഗത്തെത്തി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലമുറ മാറ്റം വേണമെന്ന് മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

കെ.പി.സി.സി നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നും ചർച്ചകൾ ഉയരുന്നുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button