KERALA

പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഇന്ധനസെസ് ഒരു രൂപ പോലും കുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കോഴിക്കോട്: പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഇന്ധനസെസ് ഒരു രൂപ പോലും കുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാൻ തന്നെയാണ് തീരുമാനം. സർക്കാർ നിലനിൽക്കണോ സെസ് പിൻവലിക്കണോ എന്നതാണ് ചോദ്യം. പൊതുമേഖല സ്ഥാപനങ്ങളെ എക്കാലവും പണം നൽകി സംരക്ഷിക്കാനാവില്ലെന്നും ​എം.വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഏറെക്കാലമായി മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ ശിവശങ്കർ ജയിലിൽ കിടക്കട്ടെ. കൈക്കൂലി പണത്തിന്റെ പങ്ക് തങ്ങളാരും പറ്റിയിട്ടില്ല. അതുകൊണ്ട് ഭയവുമില്ല. സി.എം രവീന്ദ്രൻ അന്വേഷണ പരിധിയിൽ വന്നാലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ ഇന്ധനസെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരവും ആരംഭിച്ചിരുന്നു. പാർട്ടിയുടെ നിർദേശപ്രകാരം ഇന്ധനസെസിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. എന്നാൽ, ബജറ്റ് സമ്മേളനത്തിൽ സെസിൽ ഇളവ് അനുവദിച്ചിരുന്നില്ല. ലൈഫ് മിഷൻ കേസിലെ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button