തീവണ്ടികളിൽ വനിതകൾ ആക്രമിക്കപ്പെടുന്നത് തുടർക്കഥയാവുമ്പോൾ റെയിൽവേ എന്തു ചെയ്യുകയാണെന്ന് യാത്രക്കാരുടെ ചോദ്യം ഉത്തരമില്ലാതെ തുടരുന്നു. സ്വന്തമായി സുരക്ഷാ സേനയുള്ള സംവിധാനമാണ് റെയിൽവേ. രാജ്യത്തെ തന്നെ നടുക്കിക്കൊണ്ട് യുവതിയെ തീവണ്ടിയിൽ നിന്നും തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊന്ന ഗോവിന്ദച്ചാമി സംഭവം ഇന്നും അപമാനമായി തുടരുകയാണ്. ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർ ഉൾപ്പെടുന്നതാണ് റെയിൽവേ പൊലീസ്. കേസ് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും എല്ലാം സംവിധാനങ്ങളും റെയിൽവേ കോടതി തന്നെയുമുണ്ട്. പ്രൊട്ടക്ഷൻ ഫോഴ്സും (RPF) സംസ്ഥാന തലങ്ങളിൽ റെയിൽവെ പൊലീസ് സംവിധാനവും (GRF) എന്ന നിലയിലാണ് ഇതിൻ്റെ ഘടന
ഗുരുവായൂർ പുനലൂർ പാസഞ്ചർ വണ്ടിയിൽ യുവതി രക്ഷപെട്ടത് ഭാഗ്യത്തിൻ്റെ നൂലിഴയിലാണ്. കവർച്ചയ്ക്ക് ശേഷം ശാരീരിക ആക്രമണവും തുടങ്ങിയതോടെ അവർക്ക് വണ്ടിയിൽ നിന്നും ചാടി രക്ഷപെടേണ്ടി വരികയായിരുന്നു. തീവണ്ടികളിൽ ഭിക്ഷാടനം നടത്തുന്ന വ്യക്തിയാണ് പ്രതി. യുവതി ഇയാളുടെ ചിത്രവും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ഈ പെലീസ് സംവിധാനത്തിന് കഴിഞ്ഞില്ല. ആസൂത്രിത കുറ്റ കൃത്യങ്ങൾ നടത്തി പരിചയമുള്ള വ്യക്തിയല്ല പ്രതിസ്ഥാനത്തുള്ളത്.
ഗോവിന്ദച്ചാമി സംഭവത്തിന് ശേഷം സുരക്ഷ വർധിപ്പിച്ചതായും ലേഡീസ് കമ്പാർട്ട്മെൻ്റിന് കാവൽ ഏർപ്പെടുത്തിയതായും പത്രക്കുറിപ്പുകളും വാർത്തകളുമുണ്ടായി. പക്ഷെ അതേ മാതൃകയിൽ ഒരു കുറ്റ കൃത്യം കൂടി ആവർത്തിക്കപ്പെട്ടിരിക്കയാണ്.
റെയിൽവേ പൊലീസ് സംവിധാനം പൊലീസിങ് അല്ല നടത്തുന്നതെന്ന ജനങ്ങളുടെ ആരോപണത്തിന് ഇത് ബലം പകരുന്നു. യുവതി ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം തന്നെ ഒരു യാത്രക്കാരി ടിക്കറ്റ് പരിശോധകനാലും ആക്രമിക്കപ്പെട്ടു. ഇതിലും റെയിൽവെ സുരക്ഷാ സേനയുടെ അഭാവത്തിൻ്റെയും കാര്യക്ഷമതയില്ലാത്ത ഇടപെടലിൻ്റെയും പ്രശ്നങ്ങൾ കാണാവുന്നതാണ്. ടിക്കറ്റ് പരിശോധകന് എതിരെ കേസ് എടുത്തു എങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. മുൻ കൂർ ജാമ്യാപേക്ഷയ്ക്ക് മേൽ കാവലിരിക്കയാണ്.
ലോകത്തിലെ തന്നെ ഏറ്റവും അധികം ആളുകളൾ സഞ്ചിരിക്കയും ഏറ്റവും അധികം ആളുകൾ ജോലി ചെയ്യുകയും ചെയ്യുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ഗോവിന്ദച്ചാമി സംഭവത്തിന് ശേഷം റെയിൽവേ നടപ്പാക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും എന്നു പ്രഖ്യാപിച്ച സുരക്ഷാ,നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന ക്ഷമമല്ലെന്നാണ് സ്ഥിരം യാത്രക്കാർ അനുഭവങ്ങൾ പങ്കുവെക്കുന്നത്. ഇത് സാധൂകരിക്കുന്നതാണ് ഈ ആഴ്ച ഉണ്ടായിരിക്കുന്ന രണ്ടു സംഭവങ്ങളും.