KERALAUncategorized

പ്രമുഖരുടെ പോസ്റ്ററുകളുമായി തീർഥാടകരെ ശബരിമല സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി

പ്രമുഖരുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങളും പോസ്റ്ററുകളുമായി വരുന്ന തീർഥാടകരെ ശബരിമല സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി.  സന്നിധാനത്ത് ഓരോ അയ്യപ്പഭക്തനും ശബരിമലയിലെ ആചാരങ്ങൾക്ക് വിധേയമായാണ് ആരാധന നടത്തുന്നതെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം. ആരാധനയ്ക്കുള്ള അവകാശം പൗരാവകാശമാണ്, ശീലിച്ച രീതിയിലും ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങൾക്കും പാരമ്പര്യത്തിനും വിധേയമായി വേണം ആരാധന നടത്തേണ്ടത്. ശബരിമല സന്നിധാനത്തേക്ക് തീർഥാടകർ പ്രമുഖരുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങളും പോസ്‌റ്ററുകളും കൊണ്ടുവരുന്നെന്ന് കാണിച്ച് ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിച്ചത്.

തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ശബരിമലയിൽ നിലവിലുള്ള ആചാര പ്രകാരമുള്ള പതിവ് ആചാരങ്ങളും അനുഷ്ഠാനങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. കൂടാതെ നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾക്ക് വിധേയമായി, ശബരിമല ദേവസ്വത്തിന്റെ സ്വത്തുക്കളും കാര്യങ്ങളും ബോർഡ് കൈകാര്യം ചെയ്യണം. ശബരിമലയിലെ ദൈനംദിന പൂജകളും ചടങ്ങുകളും ഉത്സവങ്ങളും അതനുസരിച്ച് നടത്താൻ ക്രമീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ശബരിമലയിലെ ആചാരങ്ങൾക്ക് വിധേയമായി ശീലിച്ച രീതിയിൽ ആരാധന നടത്താനുള്ള തന്റെ അവകാശം വിനിയോഗിക്കാൻ ‘ഭക്തൻ’ ബാധ്യസ്ഥനാണ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ പ്രമുഖരുടെയും രാഷ്ട്രീയക്കാരുടെയും വലിയ ചിത്രങ്ങളും പോസ്റ്ററുകളും കൈവശം വെച്ച് ഒരു തീർഥാടകനെയും സോപാനത്തിന് മുന്നിൽ ദർശനത്തിനോ ശബരിമല സന്നിധാനത്തേക്കോ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ശബരിമല സന്നിധാനത്ത് സോപാനത്തിന് മുൻപില്‍ ഡ്രമ്മർ ശിവമണിയുടെ പ്രകടനം സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി, സോപാനത്തിന് മുൻപില്‍ ഒരു തീർഥാടകനും ഡ്രമ്മോ മറ്റ് വാദ്യങ്ങളോ വായിക്കാൻ അനുവാദമില്ലെന്നും നിരീക്ഷിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button