CALICUTDISTRICT NEWS

പ്രളയം വിഴുങ്ങിയ നാടിന്‌ താങ്ങായി കുടുംബശ്രീ പ്രവര്‍ത്തകരും

കോഴിക്കോട്‌ : പ്രളയം വിഴുങ്ങിയ നാടിന്‌ താങ്ങായി എല്ലായിടത്തും അവരുണ്ടായിരുന്നു. ദുരിതബാധിതർക്ക്‌ സാന്ത്വനമായും  സഹായമായും അവർ ഓടിയെത്തി. കുതിച്ചൊഴുകിയ വെള്ളം  നീന്തിയെത്തി ദുരിതബാധിതർക്ക്‌ ആശ്വാസത്തിന്റെ സ്‌നേഹകാഴ്‌ചയാവുകയാണ്‌ കുടുംബശ്രീ.
ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയ ദിവസം തന്നെ സേവനത്തിനെത്തി. ‘കമ്യൂണിറ്റി കിച്ചൻ’ വഴി ഭക്ഷണം പാകംചെയ്‌ത്‌ നൽകൽ, ഭക്ഷ്യവസ്തുക്കളുടെയും വസ്‌ത്രങ്ങളുടെയും വിതരണം, കൗൺസലിങ്‌, ശുചീകരണം തുടങ്ങി എല്ലായിടത്തും  ഇവരെത്തി. വീടും ക്യാമ്പും റോഡും പൊതുസ്ഥലവും ശുചീകരിക്കാൻ 10,457  സ്‌ത്രീകളാണിറങ്ങിയത്‌. കമ്യൂണിറ്റി കിച്ചണുകളിലൂടെ  21,604  പേർക്ക്‌ ഭക്ഷണം നൽകി. 5985 കിലോഗ്രാം ഭക്ഷ്യ ധാന്യങ്ങളും 1312 കിലോഗ്രാം  പച്ചക്കറികളും  ക്യാമ്പുകളിൽ വിതരണം ചെയ്‌തു. 8983 ജോടി വസ്ത്രങ്ങളും 2130 പായ്‌ക്കറ്റ്‌ നാപ്കിനുകളും നൽകി. വീടും സാധനങ്ങളും നഷ്‌ടപ്പെട്ട 2348 പേർക്കാണ്‌ കുടുംബശ്രീയുടെ കൗൺസലേഴ്‌സ് സാന്ത്വനമേകിയത്‌. 284 ക്യാമ്പുകൾ, 15,584 വീടുകൾ,  റോഡുൾപ്പെടെ 398 പൊതുസ്ഥലങ്ങളും ശുചീകരിച്ചു.  83 ആരോഗ്യ ക്യാമ്പയിൻ നടത്തുകയും 21,257 പേർക്ക്‌ ഡോക്സിസൈക്ലിൻ ഗുളിക നൽകുകയുംചെയ്‌തു. അംഗങ്ങളുടെ വീട്ടിൽ ദുരിതബാധിതരായ 3437 ആളുകളെയും താമസിപ്പിച്ചു. ഗർഭിണികളെയും കൈക്കുഞ്ഞുങ്ങളെയും രോഗാവസ്ഥയിൽ ഉള്ളവരെയും  ക്യാമ്പിൽനിന്ന്‌ മാറ്റിപ്പാർപ്പിക്കുന്നതിലും അവർ മുൻപന്തിയിലുണ്ടായി.
കോഴിക്കോട്‌ കോർപറേഷനിലെയും ഒളവണ്ണ, മാവൂർ പഞ്ചായത്തുകളിലെയും 31 വീടുകൾ   ജില്ലാ മിഷൻ  നേതൃത്വത്തിൽ  ശുചീകരിച്ചു.  തൃശൂർ ജില്ലാ മിഷൻ 35 അംഗ ടീം ഒളവണ്ണയിലെത്തി ശുചീകരിച്ചു. ആറ്‌ ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും  നൽകി. പരിശീലനം ലഭിച്ച 11 വനിതാ ടെക്നീഷ്യൻമാർ  പ്രളയ ബാധിത വീടുകളിൽ  പ്ലംബിങ്‌, ഇലക്ട്രിഫിക്കേഷൻ ജോലികൾ ചെയ്‌തു.  ഡാറ്റ എൻട്രിയിലും കുടുംബശ്രീ ഐടി യൂണിറ്റുകൾ വില്ലേജ് ഓഫീസർമാരെ  സഹായിക്കുന്നുണ്ട്‌.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button