പ്രളയത്തെ നേരിടാൻ കോഴിക്കോട് ബ്ലോക്കിന്റെ ദുരന്ത നിവാരണ സേന
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ റസ്ക്യു മിഷൻ 2019 ന്റെ ഭാഗമായി ദുരന്തനിവാരണ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ മനോജ് കുമാർ പറഞ്ഞു. ഒളവണ്ണ , കടലുണ്ടി ബറ്റാലിയൻ എന്നി പേരുകളിലാണ് ദുരന്തനിവാരണ ഗ്രൂപ്പ് അറിയപ്പെടുക. ജില്ലയിൽ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലമാണ് ഒളവണ്ണ. ഒളവണ്ണ പഞ്ചായത്തിൽ 13, 16 വാർഡുകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. ഇവിടെയുള്ള 10000 ത്തോളം വീടുകളെയാണ് പ്രളയം ബാധിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു.
കാലാവസ്ഥ ജാഗ്രത, ബോധവൽക്കരണ പ്രവർത്തനം, രക്ഷാപ്രവർത്തനം, , പുനരധിവാസം, ഗതാഗതം, ആരോഗ്യം, മാനസിക ആശ്വാസം, ക്രമസമാധാനം, ദുരന്ത ആഘാത ലഘൂകരണ കേഡറ്റ്, മൃഗ സംരക്ഷണം എന്നിങ്ങനെ 10 കേഡറ്റ് ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഓരോ വാർഡിൽ നിന്നും ചുരുങ്ങിയത് 10 പേർ ഓരോ ഗ്രൂപ്പിലുമുണ്ടാവും. കേഡറ്റുകൾക്കുള പരിശീലന പരിപരിപാടി 23 ന് ഒളവണ്ണ പഞ്ചായത്തിലും 24 ന് കടലുണ്ടി പഞ്ചായത്തിലും നടക്കും. പ്രകൃതിക്ഷോഭങ്ങളെ തടയാൻ പറ്റില്ലെങ്കിലും മുൻകരുതലുകൾ ഒരുക്കി രക്ഷാപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടു പോവുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു. യുവജന രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുവജന സംഘടന നേതാക്കൾ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകൾ എന്നിവർ വളണ്ടിയർമാരാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യത്തിന്റെ ആദ്യ ഘട്ടമായി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് പഞ്ചായത്തിലുമുള്ള 10000 ത്തോളം വീടുകളിൽ സർവ്വെ പൂർത്തീകരിച്ചു. ദൗത്യത്തിന്റെ രണ്ടാം ഘട്ടമാണ് ഇനി നടക്കാൻ പോകുന്ന പരിശീലനം.
ഗുരുവായൂരപ്പൻ കോളേജിലെയും ഇരിങ്ങല്ലൂർ പി കെ എം കോളേജിലെയും 400 എൻഎസ്എസ് വളണ്ടിയർമാരാണ് സർവ്വെ നടത്തിയത്. വാർഡ് മെമ്പർമാർ, എഡിഎസ്, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ തുടങ്ങിയവരുടെ സഹായത്തോടെയാണ് സർവ്വെ പൂർത്തികരിച്ചത്.