മലയാള ഭാഷ ഭാഗികമായി പഴയ ലിപിയിലേക്ക് ; വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം

തിരുവനന്തപുരം: മലയാളം ഭാഗികമായി പഴയലിപിയിലേക്ക്  മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം. സമിതി നിര്‍ദേശിച്ച ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും ഔദ്യോഗിക ഭാഷ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി അംഗീകരിച്ചു.

എഴുതുന്നതിന് ഒരുരീതി, അച്ചടിക്ക് മറ്റൊരുരീതി എന്നതുമാറ്റി എല്ലാവരും ഇപ്പോള്‍ അംഗീകരിച്ച ഏകീകൃത ലിപി ഉപയോഗിക്കണമെന്നാണ് ശുപാര്‍ശ. വാക്കുകള്‍ക്ക് അകലമിടുന്നതിലും ചന്ദ്രക്കല ഉപയോഗിക്കുന്നതിലും ചിഹ്നങ്ങള്‍ പ്രയോഗിക്കുന്നതിലും അക്ഷരങ്ങള്‍ ഇരട്ടിക്കുന്നതിലും എല്ലാം ഏകീകൃതരീതി നിര്‍ദേശിച്ചിട്ടുണ്ട്. ലിപിപരിഷ്‌കരണം യാഥാര്‍ഥ്യമാക്കാന്‍ ഫോണ്ട് പരിഷ്‌കരിക്കണം. അത് കംപ്യൂട്ടറില്‍ ചേര്‍ക്കുകയും വേണം. ഇത് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ചെയ്യാനാണ് ഇപ്പോഴത്തെ ധാരണ. ഇതിനുള്ള തുടര്‍നടപടികളെടുക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ യോഗം ചുമതലപ്പെടുത്തി.
1971-ലാണ് ഇതിനുമുമ്പ് ലിപി പരിഷ്‌കരിച്ചത്. പുതിയ ലിപി എന്നാണ് അത് അറിയപ്പെട്ടത്. അതുവരെ ഉ, ഊ, ഋ, ര്/റ് എന്നിവയുടെ ചിഹ്നങ്ങള്‍ അക്ഷരങ്ങളോടുചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്. പുതിയ ലിപിയില്‍ ചിഹ്നങ്ങള്‍ വേര്‍പെടുത്തി ഉപയോഗിച്ചു. ഇതില്‍ ഉ, ഊ എന്നിവയുടെ ചിഹ്നങ്ങള്‍മാത്രം വേര്‍പെടുത്തി ഉപയോഗിക്കാനും മറ്റുള്ളവ അച്ചടിക്കും എഴുത്തിനും പഴയ ലിപിയിലേതുപോലെ അക്ഷരങ്ങളോടുചേര്‍ത്ത് ഉപയോഗിക്കാനുമാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. ഇതാണ് അംഗീകരിച്ചത്.

മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നതതലസമിതിയിലെ അനൗദ്യോഗിക അംഗങ്ങളായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, പ്രൊഫ. എ.ജി. ഒലീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!