പ്രളയ രക്ഷാപ്രവർത്തനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ജൈസൽ താനൂർ അറസ്റ്റിൽ
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച ഹീറോ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഐപിസി 385 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.
പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.
താനൂർ സി.ഐ ജീവൻ ജോർജിന്റെ നിർദേശപ്രകാരം താനൂർ എസ്.ഐ ശ്രീജിത്ത്, എസ്.ഐ രാജു, എ.എസ്.ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണപ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻജോൺ, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.