LOCAL NEWS

പ്രവാചകനിന്ദ കുറ്റാക്കാർക്കെതിരെ കർശന നടപടി വേണം : വിസ്ഡം മുജാഹിദ് ജില്ലാ നേതൃ സമ്മേളനം

 

കൊയിലാണ്ടി: പ്രവാചകനിന്ദ നടത്തുകയും രാജ്യത്ത് മത വിദ്വേഷം നടത്താൻ ആഹ്വാനം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.

രാജ്യത്ത് വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണം.

എല്ലാ മതവിഭാഗങ്ങളോടും തുല്യനീതിയും ആദരവും പ്രകടിപ്പിക്കുക എന്ന രാജ്യത്തിൻ്റെ നിലപാടുകൾക്ക് വിരുദ്ധമായ സമീപനങ്ങളാണ് ഭരണകൂടത്തിൻ്റെ മറവിൽ ഭരണകക്ഷി നേതാക്കൾ സ്വീകരിച്ച് വരുന്നത്.

വിശ്വാസ ജീർണ്ണതകൾക്കും ഫാഷിസ തീവ്രവാദ പ്രവണതകൾക്കുമെതിരെ മുന്നേറ്റം എന്ന പ്രമേയത്തിലാണ് നേതൃ സമ്മേളനം സംഘടിപ്പിച്ചത്. ബോധപൂർവ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. പ്രഭാഷണങ്ങളുടെയും, മറ്റും അടർത്തി മാറ്റിയ ഭാഗങ്ങൾ പ്രചരിപ്പിക്കുകയും, ഇതര മതസ്ഥർക്കിടയിൽ വെറുപ്പ് വളർത്തുകയും ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും നേതൃ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ മുജാഹിദ് നേതൃ സമ്മേളനം ആവശ്യപ്പെട്ടു.


കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ നടന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.സജ്ജാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷർ നാസർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു.സി.പി.സലീം, ജില്ലാ പ്രസിഡണ്ട് മുജാഹിദ് ബാലുശ്ശേരി, സെക്രട്ടറി കെ.ജമാൽ മദനി, കെ.അബ്ദുൽ നാസർ മദനി, അഡ്വ.കെ.പി.പി അബൂബക്കർ, ഒ.റഫീഖ് മാസ്റ്റർ, കെ.പി.പി.ഖലീലു റഹ്മാൻ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ അഴിയൂർ, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി കെ. മൂനിസ് അൻസാരി എന്നിവർ സംസാരിച്ചു.
സംഘടനാ ചർച്ചയിൽ ഉമ്മർ കാപ്പാട്, സംസം അബ്ദുറഹിമാൻ, ബിസ്മി ഇമ്പിച്ചി മമ്മദ്, എൻ.എൻ സലീം, സലാം പോനാരി, ബഷീർ മണിയൂർ, മൊയ്തു വാണിമേൽ, അബ്ദുറസാഖ് പേരാമ്പ്ര എന്നിവർ പങ്കെടുത്തു.ജില്ലാ അസി.സെക്രട്ടറി സി പി. സാജിദ് സ്വാഗതവും ടി പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button