പ്രവാസികള്‍ മടങ്ങിയെത്തുന്നു; ആദ്യ വിമാനങ്ങള്‍ കൊച്ചിയിലേക്കും കോഴിക്കോട്ടെയ്ക്കും

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തില്‍ എത്തുക. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ വിമാനം എത്തുക. അന്നുതന്നെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും വിമാനം സര്‍വീസ് നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും.

 

ആദ്യ സംഘത്തില്‍ മടങ്ങേണ്ടവരുടെ പട്ടിക യുഎഇയിലെ ഇന്ത്യന്‍ എംബസി തയാറാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാകും ആദ്യ യാത്രാ പട്ടികയിലുണ്ടാവുക. ആരോഗ്യ പ്രശ്‌നമുള്ളവര്‍, ഗര്‍ഭിണികള്‍, വീസാ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ബന്ധപ്പെടും. തിരികെയെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതിന് ശേഷം കൊവിഡ് പരിശോധന നടത്തും. മാലിദ്വീപില്‍ കുടുങ്ങിയവരെ നാവികസേനയുടെ കപ്പലിലും എത്തിക്കും.
അതേസമയം, മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനായുള്ള സംസ്ഥാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രണ്ടു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കാനുള്ള സൗകര്യം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്. പ്രതിദിനം ആറായിരത്തോളം ആളുകളെ പ്രതീക്ഷിച്ചാണ് നിലവില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അതത് രാജ്യങ്ങളില്‍ പരിശോധന നടത്തുമെങ്കിലും ഡിജിറ്റല്‍ പാസ് അടക്കമുള്ള സംവിധാനമൊരുക്കി കര്‍ശന നിരീക്ഷണം നടത്താനാണു സര്‍ക്കാര്‍ ശ്രമം.
Comments
error: Content is protected !!