പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു
പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് മേരിയുടെ പോരാട്ടം വഴിയൊരുക്കി. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്.
കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയും മേരിയാണ്. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി നടപ്പാക്കിയത്.
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11ന് കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വസതിയിൽ നടക്കും. ഇന്ന് വൈകിട്ട് 3 മണി മുതൽ നാളെ രാവിലെ 10 വരെ വീട്ടിൽ പൊതുദർശനം. മേരി റോയിയുടെ ആഗ്രഹങ്ങൾ മാനിച്ച് അന്തിമ സംസ്കാര ചടങ്ങുകൾ സ്വകാര്യമായിരിക്കും.