സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെടുന്നവർക്ക് നവാധ്യാപക പരിവര്‍ത്തന പരിപാടിയുമായി എസ് സി ഇ ആര്‍ ടി

സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കായി ‘നവാധ്യാപക പരിവര്‍ത്തന പരിപാടി’ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കാണ് എസ് സി ഇ ആര്‍ ടി നേരിട്ടു പരിശീലനം നല്‍കാൻ ഉദ്ദേശിക്കുന്നത്.

അധ്യാപക പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ സ്ഥാനക്കയറ്റം നല്‍കൂവെന്ന കോളജ് അധ്യാപകര്‍ക്കുള്ള വ്യവസ്ഥ സ്‌കൂളുകളിലും നടപ്പാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. നവാധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച തുടങ്ങും. ആറുദിവസം അധ്യാപകര്‍ താമസിച്ചു പരിശീലനം നേടും വിധത്തില്‍ തയ്യാറാക്കിയതാണ് പരിപാടിയെന്ന് എസ് സി ഇ ആര്‍ ടി ഡയറക്ടറായ ഡോ. കെ ആര്‍ ജയപ്രകാശ് അറിയിച്ചു.

സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായെങ്കിലും അധ്യാപകര്‍ അതനുസരിച്ച് മികവുറ്റവരായിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തല്‍. വിദ്യാഭ്യാസം ഡിജിറ്റലാവുകയും ലാപ്ടോപ്പ് പാഠപുസ്തകമാവുകയും ചെയ്യുന്ന തരത്തില്‍ കാലംമാറുന്നു. അതനുസരിച്ച് അധ്യാപകരുടെ ശേഷി വാര്‍ത്തെടുക്കാനാണ് പരിശീലനമെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം ടി ശശി പറഞ്ഞു. നിലവില്‍ രണ്ടോമൂന്നോ ദിവസം നീളുന്ന വേനല്‍ക്കാല പരിശീലനം അധ്യാപകര്‍ക്കുണ്ട്. ഇത് റെസിഡന്‍ഷ്യല്‍ രീതിയല്ല. പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയ്യാറാക്കി നല്‍കുകയാണ് എസ് സി ഇ ആര്‍ ടി ചെയ്യാറ്. ഈ രീതിയാണ് മാറുന്നത്.

Comments

COMMENTS

error: Content is protected !!