പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന ഹര്‍ഷിനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം വേഗത്തിലാക്കി
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന ഹര്‍ഷിനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം വേഗത്തിലാക്കി. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. റേഡിയോളജിസ്റ്റിന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. അതേ സമയം എംആര്‍ഐ മെഷീന്‍ നിര്‍മ്മാതാക്കളായ സീമെന്‍സ് കമ്പനിക്ക് പോലീസ് അയച്ച മെയിലിനു മറുപടി കിട്ടി. കൂടുതല്‍ വ്യക്തത വരുത്തുന്നതിന് കമ്പനിയുടെ സര്‍വീസ് എഞ്ചിനീയറുടെ മൊഴിയും അടുത്ത ദിവസം പൊലീസ് രേഖപ്പെടുത്തും.
നേരത്തെ മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന് കാണിച്ച് ഹര്‍ഷിന കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പല തരത്തിലുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതെന്ന് കണ്ടെത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളുകയായിരുന്നു. കത്രിക വയറ്റില്‍ ഉണ്ടായാല്‍ പോലും എംആര്‍ഐ സ്‌കാനിങ് നടത്താന്‍ തടസമാകില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ജൂനിയര്‍ കണ്‍സള്‍ട്ടന്റായ റേഡിയോളജിസ്റ്റ് പറഞ്ഞിരുന്നു.
റേഡിയോളജിസ്റ്റിന്റെ വാദത്തെ പൊലീസ് പൂര്‍ണമായി തള്ളുന്നുണ്ട്. ഏതൊരു എംആര്‍ഐ മെഷീനിലും അത്തരം ലോഹവുമായി കടന്ന് ചെല്ലാന്‍ സാധിക്കില്ലെന്ന കണ്ടെത്തല്‍ പൊലീസ് നടത്തിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റേഡിയോളജിസ്റ്റിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.
എന്തൊക്കെ ലോഹങ്ങള്‍ ഉപയോഗിച്ചുകൊണ്ട് എംആര്‍ഐ സാധ്യമാകും, അങ്ങനെ ഒരു സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനായാണ് മെയില്‍ അയച്ചിരിക്കുന്നത്. ഏതെങ്കിലും ലോഹം ഉപയോഗിച്ച് എംആര്‍ഐ സ്‌കാനിങ് റൂമിലേക്ക് പ്രവേശിക്കാനാകുമോ, സ്‌കാനിങ് നടത്താനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കല്‍ കൂടി വ്യക്തത വരുത്തുന്നതിനാണ് എംആര്‍ഐ മെഷീന്‍ നിര്‍മ്മാതാക്കളായ സീമെന്‍സിന് പൊലീസ് മെയില്‍ അയച്ചത്. സീമെന്‍സിന്റെ മറുപടി മെയില്‍ വന്ന സാഹചര്യത്തില്‍ ഈ വിഷയത്തിലും പൊലീസ് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് വിവരം.