പത്ത് വർഷത്തിനു ശേഷം സുനാമി കോളനിയിൽ പട്ടയം ലഭ്യമായി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്  സുനാമി കോളനി വാസികൾ. ചെങ്ങോട്ട്കാവ് വില്ലേജിലെ സുനാമി കോളനിയിലെ ആളുകൾക്കാണ് നീണ്ട പത്ത് വർഷത്തിനു ശേഷം പട്ടയം ലഭിച്ചത്. അന്തിയുറങ്ങുന്ന ഭൂമിയില്‍ ഉടമസ്ഥാവകാശം വേണമെന്ന കോളനിക്കാരുടെ കാലങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായത്. കോളനിയിലെ 21 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു.

പട്ടയമില്ലാത്തതിനാല്‍ വിദ്യാഭ്യാസത്തിനും ജോലിക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഇവർക്ക്   ലഭിച്ചിരുന്നില്ല.  ആനുകൂല്യങ്ങളും ലോണും പോലും നിഷേധിച്ചത്  ഈ കാരണത്താലായിരുന്നെന്ന് താമസക്കാരനായ റഷീദ് പറയുന്നു. പട്ടയം ലഭിച്ചതിൽ സർക്കാറിനും മന്ത്രിക്കും ജില്ലാ കലക്ടർക്കും വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും പട്ടയം ലഭിച്ചവർ പറഞ്ഞു.

ഒരുപാട് കാത്തിരിപ്പിന് ശേഷം പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍.
പട്ടയം ലഭിച്ചതോടെ കോളനിയിലേക്കുള്ള റോഡ് സൗകര്യവും ചുറ്റുമതിലും മാലിന്യസംസ്‌കരണ സംവിധാനവും തെരുവ് വിളക്കും കുട്ടികള്‍ക്കായി ലൈബ്രറി സംവിധാനവുമെല്ലാം  ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി വാസികള്‍.

ആദ്യ പട്ടയം ഏറ്റുവാങ്ങി മറിയുമ്മ ; സന്തോഷക്കണ്ണീരോടെ പാത്തുമ്മ

കാപ്പാട് സുനാമി കോളനിയിലെ തന്റെ ഭൂമിക്ക് പട്ടയം ലഭിച്ച സന്തോഷത്തിലാണ് 85 കാരി മറിയം.  ജില്ലാതല പട്ടയ മേളയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനിൽ നിന്നും ആദ്യ പട്ടയം ഏറ്റുവാങ്ങിയതും മറിയുമ്മ തന്നെ. മകൻ അസീസിനൊപ്പമാണ് 85 കാരിയായ മറിയുമ്മ പട്ടയം വാങ്ങാൻ ടൗൺഹാളിൽ എത്തിയത്. പട്ടയം ലഭിക്കാൻ ഒരു വർഷം മുൻപാണ് അപേക്ഷ നൽകിയത്. മത്സ്യതൊഴിലാളിയാണ് അസീസ്. മകനും ഭാര്യയും അവരുടെ രണ്ട് പെൺമക്കളും  അടങ്ങുന്നതാണ് മറിയുമ്മയുടെ കുടുംബം.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ താമസിക്കുന്ന മൂന്ന് സെന്റ് ഭൂമിയുടെ പട്ടയം ലഭിച്ച സന്തോഷത്തിലാണ് മാറാട് ബീച്ചിലെ 85 വയസ്സുകാരി പാത്തുമ്മ. “മരിക്കുന്നതിന് മുൻപ് പട്ടയം കിട്ടണം എന്നായിരുന്നു പ്രാർത്ഥന. ഇപ്പോ സന്തോഷായി. ഇനി ലോണൊക്കെ കിട്ടും.  ഇപ്പോളുള്ള ഷെഡ് ഒന്ന് മാറ്റി പണിയണം”,  പാത്തുമ്മ പറയുന്നു.

നാല് പെൺമക്കളാണ് പാത്തുമ്മക്ക്. സംസാരിക്കാൻ കഴിയാത്ത ഒരു മകളും പേരക്കുട്ടികളും അടങ്ങുന്നതാണ്  കുടുംബം. സ്വന്തമായി വീടും ഭൂമിയും ഇല്ലാതെ കഷ്ടപ്പെടുന്നതിനിടയിലാണ് സർക്കാരിന്റെ കരുണയിൽ ഇവർക്ക് പട്ടയം ലഭിക്കുന്നത്. അസുഖങ്ങൾക്കും അവശതകൾക്കിടയിലും മകളുടെ കൈ പിടിച്ച്  ജില്ലാതല പട്ടയമേളയിൽ പട്ടയം വാങ്ങാനെത്തിയ പാത്തുമ്മ സന്തോഷക്കണ്ണീരോടെ സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദിപറഞ്ഞാണ് മടങ്ങിയത്.

സന്തോഷം പങ്കുവെച്ച് മുഹമ്മദും ജമീലയും

മന്ത്രിയില്‍ നിന്നും തന്റെ വീടുള്‍പ്പെടുന്ന പുരയിടത്തിന്റെ പട്ടയമെന്ന ഉടമസ്ഥാവകാശം  കൈപ്പറ്റിയ സന്തോഷത്തിലാണ്  മുഹമ്മദും ഭാര്യ ജമീലയും.
താമരശ്ശേരി പഞ്ചായത്തിലെ കൂടത്തായി ചുണ്ടക്കുന്നിൽ മിച്ചഭൂമിയിലാണ് ഇവർ  താമസിക്കുന്നത്.
അപകടത്തിൽപ്പെട്ട് കാൽ മുറിച്ചുമാറ്റേണ്ടിവന്ന മുഹമ്മദ്  തന്റെ നാല് സെന്റ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും പട്ടയം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു. സർക്കാർ പട്ടയം നൽകാൻ തീരുമാനമെടുത്ത വാർത്ത  ഏറെ ആശ്വാസത്തോടെയാണ് കെട്ടതെന്ന്  മുഹമ്മദും  ജമീലയും പറയുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു ജമീലയെ. പട്ടയം നേരിട്ട് വാങ്ങിക്കാൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയാണ് ഇവരെത്തിയത്.

പട്ടയം ഇല്ലാത്തതിനാല്‍ വായ്പയക്കും മറ്റ് ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടിയിരുന്നു. അതിനെല്ലാം പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഇവർ. ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവരോട് നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.

Comments

COMMENTS

error: Content is protected !!