പ്രസിഡണ്ടിന്റെ പ്രസ്താവന വാസ്തവവിരുദ്ധം: ജനകീയ കർമ സമിതി

അരിക്കുളം പഞ്ചായത്തിലൊരിടത്തും കഴിഞ്ഞ നാല് വർഷമായി എം സി എഫിന് സ്ഥിരം കെട്ടിടം പണിയാൻ പത്ത് സെന്റ് സ്ഥലം  കണ്ടെത്താൻ കഴിയാത്ത, സ്വന്തം ഭരണപരാജയം മറച്ചുവെച്ചു കൊണ്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്ന് ജനകീയ കർമ സമിതി.

എല്ലാ പഞ്ചായത്തിലും എം സി എഫ് വേണമെന്ന ഇടതുമുന്നണിയുടേയും കേരള സർക്കാറിന്റേയും നയം നടപ്പിലാക്കാൻ കഴിയാത്ത പഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചൊഴിയുകയാണ് വേണ്ടത്. 2018 ലെ ജില്ലാ കളക്ടറുടെ ഉത്തരവിൽ പത്ത് സെന്റ് സ്ഥലം എം സി എഫിനായി കണ്ടെത്താൻ പ്രത്യേക നിർദ്ദേശമുണ്ട്. ഇതിനായി ശ്രമിക്കാതെ പഞ്ചായത്തിൽ സ്ഥിരംകെട്ടിടമുണ്ടെന്ന തെറ്റായ വിവരം സർക്കാറിലേയ്ക്ക് അയച്ച് പദ്ധതിയ്ക്ക് അംഗീകാരം വാങ്ങുകയും ഫണ്ട് കൈപ്പറ്റുകയും ചെയ്ത ഭരണസമിതി നടപടിക്കെതിരെ പഞ്ചായത്ത് ഓംഡുസ്മാന് കർമ സമിതി ഇതിനകം പരാതി നൽകിയിട്ടുണ്ട്. ആർ ഡി ഒ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിൽ എം സി എഫിന് അനുയോജ്യമായ പത്ത് സെന്റ് സ്ഥലം കർമ്മ സമിതിയുടെ നേതൃത്വത്തിൽ വിലയ്ക്കു വാങ്ങി പഞ്ചായത്തിന് കൈമാറാമെന്ന് നിർദ്ദേശം വെച്ചെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് അത് തള്ളിക്കളയുകയാണുണ്ടായത്.

കക്ഷി രാഷ്ട്രീയഭേദമന്യേ ഒരു പ്രദേശത്തെ ജനങ്ങൾ സമര രംഗത്തുവന്നപ്പോൾ അതിനെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രസിഡണ്ടിന്റെ നയത്തെ അംഗീകരിക്കാനാവില്ല.വർഷങ്ങളായി കലാ സാംസ്കാരിക പരിപാടികളും കായിക വിനോദ പരിപാടികളും നടത്തിവരുന്ന 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സമ്പർക്ക ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാനനുവദിക്കില്ലെന്ന നിലപാടുമായി കർമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ ഇരിപ്പു സമരം അഞ്ചാം ദിനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സമരപ്പന്തലിൽ കലാ കായിക പരിപാടികൾ നടത്തിയും ഭക്ഷണം പാചകം ചെയ്ത് കഴിച്ചും സമരപരിപാടി സജീവമാക്കുകയാണ് കർമ സമിതി പ്രവർത്തകർ.

Comments

COMMENTS

error: Content is protected !!