KERALAMAIN HEADLINES

പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സംസ്ഥാന സർക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസൻസ് നല്‍കാൻ ഗതാഗത വകുപ്പാണ്  രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും.  സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം.

 പ്രധാനമായും രണ്ടു നേട്ടങ്ങളാണ് ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വകുപ്പ് കാണുന്നത്. ലേണേഴ്സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാനും റോഡ് നിയമങ്ങളേക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുകയും ചെയ്യും. പരീക്ഷ പാസായാല്‍ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്‌സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല. 

വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്‌സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

ഇതിനാവശ്യമായ കരിക്കുലം ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയത്. ഇത് ഗതാഗതമന്ത്രി ആന്റണി രാജു ഈ 28ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button