കഥാകൃത്ത് തോമസ് ജോസഫ് രോഗക്കിടക്കയിൽ; ചികിത്സാ ചെലവിന് സഹൃദയരുടെ കനിവ് വേണം

പത്ത് മാസം മുൻപ് ശരീരത്തിന്‍റെ ഒരുഭാഗം തളർന്ന് അബോധാവസ്ഥയിലേക്ക് നീങ്ങും വരെ അക്ഷരങ്ങളുടെ ലോകത്തുതന്നെയായിരുന്നു തോമസ് ജോസഫ്. ഇന്ന് ചികിത്സയ്ക്കും പരിചരണത്തിനും പണം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടുകയാണ് എഴുത്തുകാരന്‍റെ കുടുംബം.

കൊച്ചി: അറിയപ്പെടുന്ന എഴുത്തുകാരനും  കേരള സാഹിത്യഅക്കാദമി പുരസ്കാരജേതാവുമായ തോമസ് ജോസഫ്  ഇന്ന് അവശതകളുടെ ലോകത്താണ്. മസ്തിഷ്ക ആഘാതത്തെ തുടർന്ന് പത്ത് മാസമായി കിടപ്പിലായ തോമസ് ജോസഫിന്‍റെ ചികിത്സാ ചെലവ് പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
ചിത്രശലഭങ്ങളുടെ കപ്പലും ദൈവത്തിന്‍റെ പിയാനോയിലെ പക്ഷികളുമെഴുതിയ കഥാകാരനാണ് തോമസ് ജോസഫ്. കുറച്ചുമാത്രമെഴുതിയെങ്കിലും നല്ലയെഴുത്തിന്‍റെ വഴിയിലൂടെ നടന്ന കഥാകാരൻ. ചെറുകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാ‍ർഡുമൊക്കെ നേടിയ എഴുത്തുകാരൻ ഇന്ന് അവശതകളുടെ ലോകത്താണ്.
പത്ത് മാസം മുൻപ് ശരീരത്തിന്‍റെ ഒരുഭാഗം തളർന്ന് പോയ തോമസ് ജോസഫ് ഇപ്പോൾ ആലുവയിലെ വീട്ടിൽ അബോധാവസ്ഥയിൽ ആണ്.  ചികിത്സയ്ക്കും പരിചരണത്തിനുമുള്ള വലിയ ചെലവാണ് കുടുംബാംഗങ്ങളെ അലട്ടുന്നത്.
എഴുത്തും ജീവിതവും ഒന്നായി കണ്ട പ്രതിഭാധനനായ എഴുത്തുകാരന്‍റെ  തൂലികയിൽ നിന്നും ഇനിയും വാക്കുകളും കഥകളും പിറവിയെടുക്കണം. തോമസ് ജോസഫിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എഴുത്തിനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരുടെ സഹായം കൂടി ആവശ്യമാണെന്ന് എം മുകുന്ദൻ അഭ്യര്‍ത്ഥിച്ചു.
Comments

COMMENTS

error: Content is protected !!