കളിമനസ്സുകളെ കവർന്ന് കൊറോണ
കൊയിലാണ്ടി: കൊറോണ ഭീതിയില്‍ സ്‌കൂളുകള്‍ അടച്ചിട്ടിട്ടും ഒഴിവുകാല വിനോദങ്ങളോടും യാത്രകളോടും ഗുഡ്‌ബൈ പറയാന്‍ നിര്‍ബന്ധിതരായി വിദ്യാര്‍ത്ഥികള്‍. സര്‍ക്കാരിന്റെ സമ്പര്‍ക്ക നിയന്ത്രണവും രക്ഷിതാക്കളുടെ കര്‍ശന വിലക്കുമാണ് കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വര്‍ഷാന്തകാലത്തെ കളിത്തിമര്‍പ്പിന് കടിഞ്ഞാണായി മാറിയത്. ഉള്ളുരുകുന്ന പരീക്ഷാ പനിയും ഉയിരുരുകുന്ന വേനല്‍ ചൂടും വകവെയ്ക്കാതെ നാട്ടിന്‍ പുറങ്ങളിലെ മൈതാനങ്ങളിലും പറമ്പിലും പാടങ്ങളിലുമൊക്കെ ഒത്തുകൂടി പകലന്തിയോളം ‘പടയൊരുക്കം’ നടത്തിയിരുന്ന ബാല്യ- കൗമാരങ്ങള്‍ വീട്ടകങ്ങളിലെ ടി.വി.ചാനലുകളില്‍ തെളിയുന്ന കോമിക്‌സ് പരിപാടികളില്‍ കണ്ണ് നട്ടിരിക്കുന്ന കാഴ്ചയാണിപ്പോള്‍. മുറികളില്‍ ഏറെ നേരം മുഷിഞ്ഞിരിക്കാന്‍ മനസ്സില്ലാത്തവരാകട്ടെ സ്വന്തം സഹോദരങ്ങളെ കളിക്കൂട്ടുകാരാക്കി വീട്ടുവളപ്പിലൊ വഴിയോരങ്ങളിലൊ പഴന്തുണി വിതാനിച്ച് കെട്ടിയുണ്ടാക്കി മിഠായി കച്ചവടത്തില്‍ വിനോദം കണ്ടെത്തുന്നു. പക്ഷെ; അവിടെയും വില്ലന്‍ വാങ്ങാനെത്തുന്ന കൂട്ടുകാരുടെ കുറവ് തന്നെ. ഫുട്‌ബോള്‍ – ക്രിക്കറ്റ് കളങ്ങളിലാണെങ്കില്‍ സഹകളിക്കാര്‍ക്ക് പോലും പഞ്ഞം. പലര്‍ക്കും ‘മേല്‍ തൊട്ട് ‘ കളി വേണ്ടെന്ന ഭാവം. ഈ ഒറ്റപ്പെടലില്‍ നിന്ന് പലരും ആശ്വാസം കണ്ടെത്തുന്നത് സൈക്കിള്‍ സവാരിയിലാണെങ്കില്‍ അവിടേയും രക്ഷിതാക്കളുടെ കണ്ണും കരുതലും തങ്ങള്‍ക്ക് വിനതന്നെ.