പൊതു ഇട സംരക്ഷണത്തിനായി അരിക്കുളത്ത് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ ഇരുപ്പു സമരം ആരംഭിച്ചു

അരിക്കുളം : ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഗ്രാമസഭകളെന്നും ഗ്രാമസഭാ തീരുമാനങ്ങൾക്ക് മുന്തിയ പരിഗണന നൽകേണ്ടതുണ്ടെന്നും ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ. പൊതു ഇട സംരക്ഷണത്തിനായി അരിക്കുളത്ത് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ ഇരുപ്പു സമര പന്തലിൽ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ആളുകൾ പങ്കാളികളായി മാറിയ സമരത്തിന് കോൺഗ്രസ് സർവ്വ പിന്തുണയും നൽകുമെന്നും ഡി സി സി  പ്രസിഡണ്ട് പറഞ്ഞു. വർഷങ്ങളായി അരിക്കുളത്തുകാർ കലാ-കായിക സാംസ്കാരിക പരിപാടികൾക്കായി ഒത്തുകൂടുന്ന പള്ളിക്കൽ കനാൽ സൈഫണിന് സമീപമുള്ള പുറമ്പോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് ജനകീയ കൂട്ടായ്മ സമരമാരംഭിച്ചത്.

ഈ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർക്കുകയും പങ്കെടുത്ത 118 പേരിൽ 117 പേരും പൊതു ഇടം നഷ്ടപ്പെടുത്തി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തു. ഈ തീരുമാനത്തെ കാറ്റിൽ പറത്തിയാണ് അരിക്കുളം പഞ്ചായത്തിലെ 9-ാം വാർഡിൽ എം.എസി.എഫ്. സ്ഥാപിക്കാനായി ഭരണ സമിതി ഒരുങ്ങുന്നത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവർത്തകരും ഏഴാം ദിനത്തിലേയ്ക്ക് കടന്ന ഇരിപ്പു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദിവസേന സമരപ്പന്തലിൽ എത്തിച്ചേരുന്നുണ്ട്. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിയ്ക്കുന്നതിനായി മാർച്ച് 7 ന് വൈകുന്നേരം അരിക്കുളം മുക്കിൽ നടക്കുന്ന യു.ഡി.എഫ്. പൊതുയോഗം മുൻ ഡി.സി.സി. പ്രസിഡണ്ട് കെ. സി.അബു ഉദ്ഘാടനം ചെയ്യും.

Comments

COMMENTS

error: Content is protected !!