SPECIAL
പ്ലാസ്റ്റിക്കിനെ പടിയിറക്കുന്നു പുതിയ ബ്രാൻഡിൽ തുണിസഞ്ചിയുമായി കുടുംബശ്രീ
![](https://calicutpost.com/wp-content/uploads/2019/12/i-300x171.png)
കോഴിക്കോട് : പ്ലാസ്റ്റിക്കിനെ പടിയിറക്കുമ്പോൾ പ്രത്യേക ബ്രാൻഡിൽ തുണിസഞ്ചി വിപണിയിൽ ഇറക്കി കോർപറേഷൻ കുടുംബശ്രീ. പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ജനുവരി ഒന്നിന് നിലവിൽവരുമ്പോൾ കുടുംബശ്രീയുടെ തുണിസഞ്ചികൾ പുറത്തിറങ്ങും. കുടുംബശ്രീയുടെ 150 യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് നിർമാണം. ഇതിനായി തയ്യൽ പഠിച്ച കുടുംബശ്രീ അംഗങ്ങൾക്ക് കോർപറേഷൻ തലത്തിൽ പരിശീലനം നൽകിയിരുന്നു.
അംഗങ്ങൾ വീട്ടിലിരുന്ന് തയ്‌ക്കുന്ന തുണിസഞ്ചികൾ സിഡിഎസ് വഴി സംഭരിക്കും. കോഴിക്കോട് മഹിളാ മാളിലോ മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ വച്ചായിരിക്കും വിൽപ്പന. കച്ചവടക്കാരിൽനിന്ന് ഓർഡർ സ്വീകരിച്ചും വിതരണംചെയ്യും. വൻകിട ഹോട്ടലുകൾക്ക് ആവശ്യമായ സഞ്ചികളും നൽകും. പൊതുപരിപാടികൾക്ക് ഡിസ്‌പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുന്നതും നിർത്തും.
പുനരുപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിലാകും ഭക്ഷണം നൽകുക. വീടുകളിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും ഓഡിറ്റോറിയത്തിലും മറ്റും നടക്കുന്ന ആഘോഷങ്ങൾക്കുമെല്ലാം സ്റ്റീൽ പാത്രങ്ങളാകും ഉപയോഗിക്കുക. തുണിസഞ്ചിയും സ്റ്റീൽ പാത്രങ്ങളും എത്തുന്നതോടെ പ്ലാസ്റ്റിക്കിനെ പൂർണമായും തുരത്താമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ.
Comments