പ്ലോഗ്റൺ : സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിച്ച് കൊയിലാണ്ടി നഗരസഭ
ഇന്ത്യൻ നഗരങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ശുചീകരണ പദ്ധതി കൊയിലാണ്ടി നഗരസഭയിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയതായി നഗരസഭയുടെ അവകാശവാദം. പ്ലോഗ്റൺ എന്ന സാധാരണക്കാർക്ക് പരിചിതമല്ലാത്ത ഒരു പദ്ധതിയാണിത്. യൂറോപ്പിലൊക്കെ ഇത്തരം പരിപാടികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പ്രഭാത സവാരിക്കും മറ്റുമായി ഇറങ്ങുന്ന ആളുകൾ കയ്യിലൊരു കവർ കരുതും. തെരുവിലെ ചവറുകൾ പെറുക്കിയെടുത്ത് കൊണ്ട് ജോഗിംങ്ങോ ഓട്ടമോ നടത്തമോ ഒക്കെ പൂർത്തിയാക്കും. അതോടെ തെരുവുകൾ മാലിന്യമുക്തവും സുന്ദരവുമാകും.
ഇത്തരമൊരു മാതൃകാ പദ്ധതിയാണ് കൊയിലാണ്ടിയിൽ നടപ്പിലായതായി നഗരസഭ അവകാശപ്പെടുന്നത്. ഇവിടെ പലരും പുലർച്ചെ നടക്കാനിറങ്ങുന്നത് വീട്ടിലെ മാലിന്യകൾ നിറച്ച കവറുകളുമായാണ്. നടത്തത്തിനിടയിൽ അത് തെരുവിൽ വലിച്ചെറിയുന്നതാണ് പതിവ്. പ്ലോഗ് റൺ പദ്ധതി പ്രഖ്യാപിച്ച ശേഷവും ഇതിനൊന്നും ഒരു മാറ്റവും സംഭവിച്ചതായി കാണുന്നില്ല. ഇതുൾപ്പെടെ ശുചിത്വഭവനം, ശുചിത്വ തെരുവ്, തെളിനീർ, ഈ മനോഹരതീരം എന്നിങ്ങനെ അഞ്ചു പദ്ധതികൾ പൂർത്തീകരിച്ച്, കൊയിലാണ്ടി നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങ് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു. അയൽക്കൂട്ടം, വാർഡ്, നഗരസഭാതലങ്ങളിൽ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് ശുചിത്വ വീടുകളെ തെരഞ്ഞടുത്ത് ആദരിക്കലാണ് ശുചിത്വ ഭവനം പദ്ധതി. ഒന്നും നടപ്പിലായില്ല. ഇപ്പോൾ വാർഡ് കൗൺസിലർമാരോട് തങ്ങൾക്കിഷ്ടപ്പെട്ട ഒരു വീട് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
തെരുവുകളും ജലാശയങ്ങളും കടലോരവും ജനപങ്കാളിത്തത്തോടെ സന്നദ്ധ പ്രവർത്തനത്തിലൂടെ ശുചിയാക്കുന്ന ക്യാമ്പയിനാണ് മറ്റ് മൂന്നെണ്ണം. അത്തരം ഒരു പ്രവൃത്തിയും നഗരസഭയിലൊരിടത്തും ഇതുവരെ നടന്നിട്ടില്ല. നഗര തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാരിന്റെ കീഴിലല്ല. അതുകൊണ്ട് ആവർത്തനപ്പണികൾക്ക് ഇവരെ ഉപയോഗിക്കരുത് എന്ന നിബന്ധന നഗരസഭയിൽ ബാധകമല്ല. ഈ സൗകര്യം ഉപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി കാടുവെട്ടൽ, കുപ്പി പെറുക്കൽ എന്നിവയൊക്കെ ഇവരെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ഇത്തരം പ്രവൃത്തിയല്ലാതെ ജനകീയമായ എന്തെങ്കിലും ബോധവൽക്കരണ പരിപാടികളോ സന്നദ്ധ പ്രവർത്തനങ്ങളോ ഇവിടെ നടന്നിട്ടില്ല. തെരുവുകളും ജലാശയങ്ങളും കടലോരവുമൊക്കെ ഇപ്പോഴും ചവർ നിറഞ്ഞു കിടക്കുന്നു. മഴയില്ലാത്തത് കൊണ്ട് ചീഞ്ഞു നാറ്റത്തിന് കുറവുണ്ട് എന്ന് മാത്രം. പക്ഷേ സമ്പൂർണ്ണ ശുചിത്വ നഗരമായുള്ള പ്രഖ്യാപനമൊക്കെ ഇതിനകം നടന്നു കഴിഞ്ഞു.