CALICUTDISTRICT NEWSMAIN HEADLINES
പൗരത്വബില്ലിനെതിരെ ജനരോഷം
കോഴിക്കോട്: മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിച്ച് ഹിന്ദുരാഷ്ട്രം നിർമിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന പ്രഖ്യാപനമായി ആയിരങ്ങൾ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐ എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രതിഷേധം അലയടിച്ചു. നൂറകണക്കിന് ആളുകളാണ് ഓരോ കേന്ദ്രത്തിലും അണിനിരന്നത്.
കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ആദായ നികുതി ഓഫീസിന് മുന്നിലേക്കായിരുന്നു മാർച്ച്. മുതലക്കുളത്ത് നിന്നാരംഭിച്ച മാർച്ച് മാനാഞ്ചിറ ചുറ്റി ആദായനികുതി ഓഫീസിന് മുന്നിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം പി സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മോഹനൻ, പി നിഖിൽ എന്നിവർ സംസാരിച്ചു. കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു
Comments